തിരുവനന്തപുരം- കേരളത്തിലെ സര്‍ക്കാര്‍ ആംബുലന്‍സ് സര്‍വീസായ കനിവ് 108 ലേക്ക് വരുന്ന ഫോണ്‍കോളുകളില്‍ പകുതിയും തെറ്റായവയാണെന്ന് അധികൃതര്‍. മിസ്ഡ് കാള്‍, സൈലന്റ് കാള്‍, തെറ്റായ നമ്പര്‍ ഡയല്‍ ചെയ്യല്‍, കബളിപ്പിക്കാന്‍ വേണ്ടിയുള്ള വിളികള്‍ എന്നിങ്ങനെ വിവിധ തരം കോളുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ് കനിവ് ഹെല്‍പ് ഡെസ്‌ക്.
108 എന്ന മൂന്നംഗ നമ്പര്‍ അത്യാവശ്യക്കാര്‍ക്കുള്ളതാണ്. തമാശക്കായി ഈ നമ്പരില്‍ വിളിച്ച് ശല്യം ചെയ്യുന്നവര്‍ അപകടത്തിലാക്കുന്നത് ഒരു ജീവനാകാം- കനിവ് മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ വര്‍ഷം കനിവിലേക്ക് വന്ന 9,19,424 കോളുകളില്‍ 5,40,571 കോളുകളും തെറ്റായി വന്നതാണ്. വെറുതെ ഡയല്‍ ചെയ്ത് രസിക്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കണം. ആംബുലന്‍സ് അടിയന്തര സേവനം ആവശ്യമുള്ളവരാണ് വിളിച്ചവരില്‍ രണ്ടുലക്ഷത്തിലധികം പേരെന്നത് എത്ര മാത്രം പ്രാധാന്യമുള്ളതാണ് ഈ നമ്പരെന്ന് വ്യക്തമാക്കുന്നതാണ്.