Sorry, you need to enable JavaScript to visit this website.

ഇഞ്ചുറി ടൈമിൽ വിനീത വിജയം

ഐ.എസ്.എല്ലിൽ പൂനെ ഗോൾമുഖത്ത് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ബാൾഡ്‌വിൻസന്റെ ഹെഡർ.

പൂനെ - ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ സി.കെ വിനീത് നേടിയ ഗോൾ ഐ.എസ്.എല്ലിൽ ആതിഥേയരായ പൂനെ സിറ്റി എഫ്.സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് 2-1 വിജയം സമ്മാനിച്ചു. പൂനെ ക്യാപ്റ്റൻ മാഴ്‌സെലോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ക്രോസ് ബാറിനിടിച്ച് തെറിച്ചതിന്റെ തൊട്ടുപിന്നാലെയായിരുന്നു വിനീതിന്റെ തകർപ്പൻ ഗോൾ. പെക്കൂസന്റെ ലോംഗ് ബോൾ സ്വീകരിച്ച ശേഷം വെട്ടിത്തിരിഞ്ഞ വിനീത് കനത്ത ഇടങ്കാലനടിയോടെ വല കുലുക്കിയപ്പോൾ പൂനെ ഗാലറി അക്ഷരാർഥത്തിൽ സ്തബ്ധമായി. ഒരിക്കൽകൂടി വിനീതിന്റെ ലാസ്റ്റ് ടൈം ഗോൾ ബ്ലാസ്റ്റേഴ്‌സിന് വിലപ്പെട്ട മൂന്ന് പോയന്റ് സമ്മാനിച്ചു. അവസാന നാല് എവേ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ജയമാണ് ഇത്. പോയന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്കുയർന്നു. 
അമ്പത്തെട്ടാം മിനിറ്റിൽ ജാക്കിചന്ദ് സിംഗിലൂടെ ബ്ലാസ്റ്റേഴ്‌സാണ് ലീഡ് നേടിയത്. എഴുപത്തൊമ്പതാം മിനിറ്റിൽ വിവാദ പെനാൽട്ടിയിലൂടെ എമിലിയാനൊ അൽഫാരൊ ഗോൾ മടക്കിയിരുന്നു.  
വിരസമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് കളിക്ക് ജീവൻ വെച്ചത്. ഇരു ടീമുകളും തുടക്കത്തിൽ തന്നെ ഓരോ സുവർണാവസരങ്ങൾ പാഴാക്കി. നാലാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തേണ്ടതായിരുന്നു. തളികയിലെന്ന പോലെ കിട്ടിയ അവസരം ഇയാൻ ഹ്യൂമിന് മുതലാക്കാനായില്ല. ആതിഥേയ ഗോളി വിശാൽ കൈത് പന്തടിച്ചത് നേരെ കിട്ടിയത് ഹ്യൂമിനായിരുന്നു. ഗോളി മാത്രം മുന്നിൽ നിൽക്കെ ഹ്യൂം പന്ത് സി.കെ. വിനീതിന് കൈമാറാൻ ശ്രമിച്ചത് പിഴച്ചു. മറുവശത്ത് ഡിയേഗൊ കാർലോസിന്റെ ഉശിരൻ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോളി സുഭാശിഷ് റോയ് ചൗധരി തടഞ്ഞു. പരുക്കനടവുകൾ പിന്നീട് കളിയുടെ ഒഴുക്ക് തടഞ്ഞു. ഇടവേളക്ക് തൊട്ടുമുമ്പ് റഫറിയോട് കയർത്ത പൂനെ കോച്ച് പോപോവിച്ച് ചുവപ്പ് കാർഡ് കണ്ടു. 
രണ്ടാം പകുതിയുടെ തുടക്കത്തിൽ പൂനെ ഗോളടിക്കേണ്ടതായിരുന്നു. ബോക്‌സിനു പുറത്തു നിന്ന് മാഴ്‌സലൊ പായിച്ച വെടിയുണ്ട പോസ്റ്റിനിടിച്ച് മടങ്ങി. അമ്പത്തെട്ടാം മിനിറ്റിൽ ജാക്കിചന്ദ് സിംഗിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. ബോക്‌സിനു പുറത്തു നിന്ന് ഗുഡ്യോൻ ബാൾഡ്‌വിൻസൻ നൽകിയ പാസ് മനോഹരമായ ഷോട്ടോടെ ജാക്കിചന്ദ് സിംഗ് വലയുടെ മോന്തായത്തിലേക്ക് പായിച്ചു. അറുപത്തെട്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് പെനാൽട്ടി വഴങ്ങിയെന്നു തോന്നി. ആദിൽ ഖാനെ പെസിച് ബോക്‌സിൽ വീഴ്ത്തിയെങ്കിലും റഫറി കണ്ട ഭാവം നടിച്ചില്ല. എഴുപത്തേഴാം മിനിറ്റിൽ പൂനെയെ ഭാഗ്യം തുണച്ചു. എമിലിയാനൊ അൽഫാരോയെ ഗോളി സുഭാശിഷ് റോയ് വീഴ്ത്തിയെന്നു പറഞ്ഞ് റഫറി പെനാൽട്ടിക്ക് വിസിലൂതി. അൽഫാരൊ തന്നെ കിക്ക് ഗോളാക്കി. 
എൺപത്തിരണ്ടാം മിനിറ്റിൽ ലീഡ് വീണ്ടെടുക്കാൻ ബ്ലാസ്റ്റേഴ്‌സിന് അവസരം കിട്ടിയതായിരുന്നു. ബോക്‌സിന് മുന്നിൽ പന്ത് കിട്ടുമ്പോൾ സി.കെ വിനീതിന് സമയവും സ്ഥലവുമുണ്ടായിരുന്നു. എന്നാൽ ഷോട്ട് നേരെ ഗോളിയുടെ കൈയിലേക്കായി. 
 

Latest News