പട്‌ന- ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ താന്‍ തടവിലാക്കിയിരിക്കുകയാണെന്ന സഹോദരന്റെ ആരോപണത്തിന് മറുപടിയുമായി പാര്‍ട്ടി അധ്യക്ഷന്‍ തേജസ്വി യാദവ്. ലാലുജി ദീര്‍ഘകാലം ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ആളാണ്. എല്‍കെ അഡ്വാനിയെ വരെ അറസ്റ്റ് ചെയ്യിച്ച നേതാവാണ്. ഇത്തരം ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ ഔന്നത്യവുമായി ഒത്തുപോകില്ല- എന്നായിരുന്നു തേജസ്വിയുടെ മറുപടി.
ജയില്‍ മോചിതനായി ഒരു വര്‍ഷം കഴിഞ്ഞെങ്കിലും പിതാവ് ലാലുവിനെ ചിലര്‍ ദല്‍ഹിയില്‍ തടവിലിട്ടിരിക്കുകയാണ്. ആര്‍ജെഡിയുടെ ദേശീയ അധ്യക്ഷനാകാന്‍ സ്വപ്‌നം കാണുന്നവരാണ് ഇതിനു പിന്നില്‍. അച്ഛന് സുഖമില്ല. പാര്‍ട്ടിയിലെ നാലഞ്ചു പേര്‍ ദേശീയ അധ്യക്ഷനാകാന്‍ സ്വപ്‌നം കാണുന്നവരാണ്- എന്നാണ് തേജ് പ്രതാപ് കഴിഞ്ഞ ദിവസം പറഞ്ഞത്.
പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിക്കാരനായ തേജ് സഹോദരനും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ ഇടക്കിടെ രംഗത്തെത്താറുണ്ട്. കഴിഞ്ഞ മാസം ഉണ്ടായ ഉടക്കിനെ തുടര്‍ന്ന് എല്ലാവരും പാര്‍ട്ടി അച്ചടക്കം പാലിക്കണമെന്ന് തേജസ്വി പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ഛാത്ര ആര്‍ജെഡിക്കു സമാന്തരമായി തേജ് പ്രതാപ് ഛാത്ര ജനശക്തി പരിഷത്ത് എന്ന വിദ്യാര്‍ത്ഥി സംഘടനയും രൂപീകരിച്ചിരുന്നു. ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ ജനഗന്നാഥ് സിങുമായും തേജ് സ്വരചേര്‍ച്ചയില്ല. ഇതേതുടര്‍ന്ന് സിങ് പാര്‍ട്ടി പദവി വിട്ടിരുന്നു. എന്നാല്‍ ലാലുവും തേജസ്വിയും ഇടപെട്ട് ജഗന്നാഥ സിങിനെ പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തിരിച്ചെത്തിക്കുകയായിരുന്നു.