ഫ്രാന്‍സില്‍ 3200 കത്തോലിക്ക പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അന്വേഷണം

പാരിസ്- ഫ്രഞ്ച് കത്തോലിക്ക സഭയില്‍ 1950 മുതല്‍ ആയിരക്കണക്കിന്  പുരോഹിതരും സഭാംഗങ്ങളും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തല്‍. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന സ്വതന്ത്ര കമ്മീഷന്റെ റിപോര്‍ട്ട് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. 2900നും 3200നുമിടയില്‍ ബാലപീഡകരായ പുരോഹിതര്‍ ഉണ്ടായിരുന്നതായാണ് കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ഴാങ് മാര്‍ക് സോവെ പറഞ്ഞു. ഇത് ഏറ്റവും ചുരുങ്ങിയ കണക്കാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ ചര്‍ച്ചുകളിലേയും കോടതികളിലേയും പോലീസിന്റെയും രേഖകള്‍ പരിശോധിച്ചും ദൃക്‌സാക്ഷികളെ നേരിട്ട് കണ്ട് സംസാരിച്ചു ം നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. 2500 പേജുകള്‍ വരുന്ന റിപോര്‍ട്ട് ചൊവ്വാഴ്ച പുറത്തിറങ്ങുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടും.

പുരോഹിതരുടെ ബാലപീഡന സംഭവങ്ങള്‍ ഫ്രാന്‍സിലും ലോകത്ത് പലയിടത്തും വലിയ വിവാദമാകുകയും ചര്‍ച്ചയാകുകയും ചെയ്ത പശ്ചാത്തലത്തില്‍ 2018ലാണ് ഫ്രഞ്ച് കാത്തലിക് ചര്‍ച്ച് അന്വേഷണത്തിനായി സ്വതന്ത്ര കമ്മീഷനെ രൂപീകരിച്ചത്. നിയമവിദഗ്ധര്‍, ഡോക്ടര്‍മാര്‍, ചരിത്രകാരന്‍മാര്‍, സാമൂഹ്യശാസ്ത്ര വിദഗ്ധര്‍, മതപണ്ഡിതര്‍ തുടങ്ങി 22 പേര്‍ ഉള്‍പ്പെട്ടതാണ് ഈ അന്വേഷണ കമ്മീഷന്‍. 1950കള്‍ മുതലുള്ള ബാല പീഡന സംഭവങ്ങള്‍ അന്വേഷിക്കുകയായിരുന്നു ചുമതല. കമ്മീഷന്‍ നിലവില്‍ വന്ന ശേഷം വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക ടെലിഫോണ്‍ ഹോട്ട്‌ലൈന്‍ സ്ഥാപിച്ചപ്പോള്‍ ആദ്യ മാസം തന്നെ ആയിരക്കണക്കിന് കോളുകളും പീഡന വിവരങ്ങളുമാണ് കമ്മീഷന് ലഭിച്ചത്.
 

Latest News