റിയാദ്- ഷാഹീൻ ചുഴലിക്കാറ്റ് സൗദി അറേബ്യയെ പരോക്ഷമായി ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം വക്താവ് ഹുസൈൻ അൽഖഹ്താനി അറിയിച്ചു. ഏതാനും ദിവസം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില കുറയും. തിങ്കൾ മുതൽ കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങൾ, റിയാദിന്റെ തെക്ക് ഭാഗം, ജിസാൻ, അസീർ എന്നിവിടങ്ങളിൽ ശക്തമായ മഴയുണ്ടാകും. കടൽ പ്രക്ഷുബ്ധമാകും.
നജ്റാൻ, അസീർ, ജിസാൻ, അൽബാഹ, മക്ക എന്നിവടങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ടാവും. ഷാഹീൻ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ഒമാനിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഒമാനിൽ ശക്തമായ മഴയും കാറ്റുമുണ്ടാകും. പിന്നീട് ഒമാനിൽ നിന്ന് യുഎയിലേക്ക് എത്തുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.