കൊച്ചി- സ്വന്തം കുഞ്ഞിന്റെ പിതൃത്വത്തെ ചാനലില്‍ പരസ്യമായി ചോദ്യം ചെയ്തതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ക്കന്‍ റോയ് മാത്യൂവിനും ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനുമെതിരെ നടപടി ആവവശ്യപ്പെട്ട് അഭിഭാഷകയായ മനീഷ രാധാകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി. തന്റെ കുഞ്ഞിന്റെ ജന്മദിനാഘോഷം എന്ന പേരില്‍ ഏഷ്യനെറ്റ് ന്യൂസില്‍ കാണിക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്ത ദൃശ്യങ്ങള്‍ കുഞ്ഞിന്റെ ജന്മദിനാഘോഷമല്ലെന്നും മനീഷ വ്യക്തമാക്കി. കുഞ്ഞിന്റെ അവകാശങ്ങളും സ്വകാര്യതയും ലംഘിക്കുകയും തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിനെതിരെ വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും അഡ്വ. മനീഷ അറിയിച്ചു. ഇവര്‍ക്കെതിരെ നിയമപരമായി ഏതറ്റം വരേയും പോരാടുമെന്നും മനീഷ പറഞ്ഞു.
പുരാവസ്തുതട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഏഷ്യനെറ്റ് ന്യൂസില്‍ നടന്ന ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് അവതാരകനായ വിനു വി ജോണും ചര്‍ച്ചയില്‍ പങ്കെടുത്ത റോയ് മാത്യൂവും മനീഷയെ അപകീര്‍ത്തിപ്പെടുത്തിയത്. മനീഷയുടെ ഭര്‍ത്താവും ട്വിന്റി ഫോര്‍ ന്യൂസ് റിപോര്‍ട്ടറുമായ സഹിന്‍ ആന്റണിയും കുഞ്ഞും തട്ടിപ്പുവീരന്‍ മോന്‍സനൊപ്പം കേക്ക് മുറിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇത് പ്രവാസി മലയാളി ഫെഡറേഷന്‍ എന്ന സംഘടന നടത്തിയ പരിപാടിയായിരുന്നുവെന്നും അവരുടെ ക്ഷണ പ്രാകാരം അവിടെ എത്തിയ സഹിന്‍ ആന്റണിയെ വേദിയിലേക്ക് വിളിച്ച് സര്‍പ്രൈസായി ബെര്‍ത്ത്‌ഡേ കേക്ക് മുറിക്കുകയുമായിരുന്നുവെന്നും മനീഷ പറഞ്ഞു. പരിപാടിയുടെ അവതാരകയാണ് സഹിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചത്. കേക്ക് കണ്ട് മകളും വേദിലേക്ക് കയറിവന്നതാണ്. അത് മകളുടെ ജന്മദിനാഘോഷമായിരുന്നില്ല- മനീഷ വ്യക്തമാക്കി.