Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് അടുത്ത യുപിയില്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ സമാജ്‌വാദി പാര്‍ട്ടിയിലേക്ക്

ലഖ്‌നൗ- മാസങ്ങള്‍ക്കകം ഉത്തര്‍ പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ ആരംഭിക്കാന്‍ 10 ദിവസം മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ സമാജ്‌വാദി പാര്‍ട്ടി(എസ്പി)യിലേക്ക് ചേക്കേറുന്നു. പല സംസ്ഥാന നേതാക്കളും എസ്പിയുടെ  വേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ബുന്ദേല്‍ഖണ്ഡിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും മുന്‍ എംഎല്‍എമാരുമായ ഗയാധീന്‍ അനുരാഗി, വിനോദ് ചതുര്‍വേദി എന്നിവരും മഹോബയില്‍ നിന്നുള്ള മനോജ് തിവാരിയും വെള്ളിയാഴ്ച എസ്പിയില്‍ ചേര്‍ന്നു. ഏറെ ജനസ്വാധീനമുള്ള ദളിത് നേതാവായ അനുരാഗിയുടെ പോക്ക് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അനുരാഗിയെ ഈയിടെ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് ഒരുക്കാന്‍ പ്രിയങ്ക നിര്‍ദേശവും നല്‍കിയിരുന്നു. 

യുപിയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഒരേ ഒരു വഴി എസ്പി മാത്രമാണെന്നും എല്ലാവരും എസ്പിക്കൊപ്പം ചേരണമെന്നും കഴിഞ്ഞ ദിവസമാണ് പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഇംറാന്‍ മസൂദ് പറഞ്ഞത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും പടിഞ്ഞാറന്‍ യുപിയിലെ കോണ്‍ഗ്രസിന്റെ പ്രമുഖ ന്യൂനപക്ഷ നേതാവുമാണ് ഇംറാന്‍ മസൂദ്. 

ഒരാഴ്ച മുമ്പാണ് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായിരുന്ന ലളിതേഷ് പതി ത്രിപാഠി പാര്‍ട്ടി വിട്ടത്. മുന്‍ മുഖ്യമന്ത്രി കമലപതി ത്രിപാഠിയുടെ ചെറുമകനായ ലളിതേഷ് കോണ്‍ഗ്രസിന്റെ യുവ ബ്രാഹ്ണ മുഖം കൂടിയായിരുന്നു. കിഴക്കന്‍ യുപിയിലെ തെരഞ്ഞെടുപ്പ് തയാറെടുപ്പ് ചുമതലയും ലളിതേഷിനെ കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരുന്നു. പാര്‍ട്ടി വിട്ടെങ്കിലും ഇനി ഏതു പാര്‍ട്ടിയില്‍ ചേരുമെന്ന് ലളിതേഷ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തന്നെ ആരും കേള്‍ക്കാന്‍ തയാറല്ലെന്ന പരാതിപ്പെട്ടാണ് ലളിതേഷ് കോണ്‍ഗ്രസ് വിട്ടത്. മറ്റേതെങ്കിലും പാര്‍്ട്ടിയില്‍ ചേരുകയാണെങ്കില്‍ ലളിതേഷിനൊപ്പം വാരണസിയിലെ മുതിര്‍ കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി വിടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നയിക്കുന്ന മഹാറാലി ഈ മാസം ഒമ്പതിന് വാരാണസില്‍ നിന്ന് ആരംഭിക്കാനിരിക്കെയാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. പ്രിയങ്ക ഏറെ പ്രയത്‌നിക്കുന്നുണ്ടെങ്കിലും വോട്ടുകളെ ഏകീകരിക്കാനോ വോട്ടര്‍മാരെ ആകര്‍ഷിക്കാനോ അവര്‍ക്കു കഴിയുന്നില്ലെന്ന് മസൂദ് പറയുന്നു. അതേസമയം താന്‍ കോണ്‍ഗ്രസ് വിടുമെന്നത് അഭ്യൂഹം മാത്രമാണെന്നും മസൂദ് പറഞ്ഞു. മസൂദും ഒരു ജാട്ട് നേതാവും വൈകാതെ എസ്പിയില്‍ ചേരുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. ഇത് മസൂദ് തള്ളിയെങ്കിലും ഇരുവരും അടുത്ത ദിവസങ്ങളില്‍ എസ്പി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ കാണുമെന്നാണ് സൂചന. 

യുപിയില്‍ കോണ്‍ഗ്രസിനേറ്റ വലയി തിരിച്ചടിയായിരുന്നു ഈയിടെ പ്രമുഖ യുവനേതാവ് ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ടത്. ബിജെപിയില്‍ ചേര്‍ന്ന ജിതിന്‍ ഇപ്പോള്‍ യുപിയില്‍ മന്ത്രിയാണ്.
 

Latest News