ഇസ്‌ലാമാബാദ്- കോവിഡ് വാക്‌സിന്‍ പൂര്‍ണമായും എടുക്കാത്തവര്‍ക്ക് പാക്കിസ്ഥാന്‍ വിമാന യാത്രാ വിലക്കേര്‍പ്പെടുത്തി. ഒക്ടോബര്‍ ഒന്നു മുതല്‍ രാജ്യത്ത് ആഭ്യന്തര, രാജ്യാന്തര വിമാന യാത്ര ചെയ്യുന്നതിന് പൂര്‍ണ വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കു മാത്രമെ വിമാനയാത്ര അനുവദിക്കൂവെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഭാവിയില്‍ കര്‍ശന ലോക്ഡൗണ്‍ പോലുള്ള നടപടികള്‍ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നാഷനല്‍ കമാന്‍ഡ് ആന്റ് ഓപറേഷന്‍ സെന്റര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതു പ്രകാരമാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നടപടി.
15നും 18നും ഇടയില്‍ പ്രായമുള്ള യാത്രക്കാര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ പാക്കിസ്ഥാനിലേക്ക് വരാം. ഒക്ടോബര്‍ 31 വരെ ഈ ഇളവ് അനുവദിക്കും. വാക്‌സിന്‍ എടുക്കരുതെന്ന് ഡോക്ടറുടെ നിര്‍ദേശമുള്ള രോഗികള്‍ക്കും മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ വിമാന യാത്ര അനുവദിക്കും. വിദേശ പാസ്‌പോര്‍ട്ട് ഉള്ളവരേയും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവരേയും ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.