ന്യൂദല്‍ഹി- തിങ്കളാഴ്ച മുതല്‍ ഇന്ത്യയില്‍ എത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്‍ക്കും 10 ദിവസ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. പൂര്‍ണ വാക്‌സിന്‍ എടുത്തവരും അല്ലാത്തവരും നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയേണ്ടിവരും. ഇന്ത്യക്കാര്‍ക്ക് ഇതേ നിബന്ധന ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയതിന് മറുപടി ആയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. ഒക്ടോബര്‍ നാലു മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാരും വാക്‌സിനേഷന്‍ സ്റ്റാറ്റസ് എന്തുതന്നെ ആയാലും മൂന്ന് തവണ ആര്‍ടി-പിസിആര്‍ പരിശോധന നടത്തുകയും ഇന്ത്യയിലിറങ്ങിയാല്‍ 10 ദിവസം നിര്‍ബന്ധമായും ഹോം ക്വാറന്റീനില്‍ കഴിയുകയും വേണം. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പും, ഇന്ത്യയിലിറങ്ങുന്ന എയര്‍പോര്‍ട്ടിലും, ഇന്ത്യയിലെത്തി എട്ടാം ദിവസവുമാണ് ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തേണ്ടത്- സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇതേ നിബന്ധന ബ്രിട്ടന്‍ ഇന്ത്യക്കാര്‍ക്കുമേല്‍ നിര്‍ബന്ധമാക്കിയത് വിവാദമാകുകയും ഇന്ത്യ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ബ്രിട്ടന്റെ നടപടി വിവേചനവും കോളോണിയലിസ്റ്റ് മനോഭാവവുമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യയുള്‍പ്പെടെ എതാനും രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ സ്റ്റാറ്റസ് നോക്കാതെ ബ്രിട്ടന്‍ നിര്‍ബന്ധ ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയത്. പലരാജ്യങ്ങളില്‍ നിന്നുമുള്ള പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് ഒക്ടോബര്‍ നാലു മുതല്‍ ബ്രിട്ടന്‍ പ്രവേശനാനുമതി നല്‍കിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് പൂര്‍ണ വാക്‌സിനെടുത്തവരേയും ബ്രിട്ടന്‍ അംഗീകരിക്കാന്‍ തയാറായിരുന്നില്ല.
ബ്രിട്ടനില്‍ വികസിപ്പിച്ച ഓക്‌സഫൊഡ് ആസ്ട്രസെനക വാക്‌സിനായ കോവിഷീല്‍ഡ് എടുത്തവരേയും ബ്രിട്ടന്‍ അംഗീകരിച്ചിരുന്നില്ല. വിവാദമായതോടെ കോവിഷീല്‍ഡ് പിന്നീട് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ബ്രിട്ടനില്‍ നിന്ന് കോവിഷീല്‍ഡ് എടുത്തവരെ മാത്രമെ ഇപ്പോഴും ബ്രിട്ടന്‍ അംഗീകരിക്കുന്നുള്ളൂ. വാക്‌സിന്റെ പ്രശ്മല്ലെന്നും ഇന്ത്യയിലെ വാക്‌സിന്‍ സര്‍ട്ടിഫിക്കേഷന്റെ പ്രശ്‌നമാണെന്നുമായിരുന്നു ബ്രിട്ടീഷ് അധികൃതരുടെ പ്രതികരണം. ഇരു രാജ്യങ്ങളുടേയും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗതിയുണ്ടെന്നും ഉന്നത തല ചര്‍ച്ചകള്‍ക്ക് ശേഷം ബ്രിട്ടീഷ് അധികൃതര്‍ പറഞ്ഞിരുന്നു.