ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ദല്‍ഹി ഘടകം നേതാവ് സിദ്ദീഖ് കാപ്പന്‍ തന്റെ റിപോര്‍ട്ടുകളിലൂടെ മുസ്‌ലിംകളെ ഇളക്കി വിടാന്‍ ശ്രമിച്ചെന്നും മുസ്‌ലിംകളെ ഇരകളായി ചിത്രീകരിച്ചെന്നും യുപി പാലീസ്. കേസ് അന്വേഷിക്കുന്ന യുപി പോലീസ് പ്രത്യേക ദൗത്യ സേന (എസ്ടിഎഫ്) കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. സിദ്ദീഖ് ഒരു ഉത്തരവാദിത്വമുള്ള പത്രപ്രവര്‍ത്തകനെ പോലെ അല്ല എഴുതുന്നത്. മുസ് ലിംകളെ ഇളക്കി വിടാന്‍ മാത്രമാണ് എഴുതുന്നത്. കൂടാതെ മാവോയിസ്റ്റുകളുമായും കമ്യൂണിസ്റ്റുകളുമായും അനുഭാവം പുലര്‍ത്തുന്നു എന്നും കുറ്റപത്രത്തില്‍ യുപി പോലീസ് പറയുന്നു.
5000 പേജുകളുള്ള കുറ്റപത്രത്തോടൊപ്പമുള്ള കേസ് ഡയറിയില്‍ സിദ്ദീഖ് എഴുതിയ 36 മലയാളം റിപോര്‍ട്ടുകളെ ചൂണ്ടിക്കാട്ടിയാണ് പോലീസ് ഈ വാദമുന്നയിച്ചത്. കോവിഡ് വ്യാപനത്തിനു പിന്നാലെ ദല്‍ഹിയിലെ തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍കസിലുണ്ടായ സംഭവങ്ങള്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍, വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ നടന്ന മുസ്‌ലിം വിരുദ്ധ കലാപം, അയോധ്യയിലെ രാമ ക്ഷേത്രം, പൗരത്വ സമരത്തിനിടെ വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഇമാമിന്റെ അറസ്റ്റ് എന്നീ വിഷയങ്ങളെ കുറിച്ച് സിദ്ദീഖ് എഴുതിയ റിപോര്‍ട്ടുകള്‍ മുസ്‌ലിംകളെ ഇളക്കി വിടാന്‍ മാത്രം എഴുതിയതാണ് എന്നും കുറ്റപത്രം പറയുന്നു.
അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ കുറിച്ച് എഴുതിയ റിപോര്‍ട്ടില്‍ മുസ് ലിംകളെ ഇരകളായാണ് സിദ്ദീഖ് ചിത്രീകരിച്ചിരിക്കുന്നത്. മുസ്‌ലിംകളെ പോലീസ് മര്‍ദിക്കുകയും പാക്കിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു എന്നും എഴുതിയത് മുസ്‌ലിംകളെ ഇളക്കിവിടാനാണെന്നതിന് തെളിവാണെന്നും കുറ്റപത്രത്തോടൊപ്പമുള്ള ഒരു കേസ് ഡയറി നോട്ടില്‍ പോലീസ് പറയുന്നു.
കേസില്‍ ഏപ്രിലിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. യുഎപിഎ ചുമത്തപ്പെട്ട സിദ്ദീഖ് കാപ്പനും കൂടെ യാത്ര ചെയ്തിരുന്നവരും ഒരു വര്‍ഷമായി ജയിലിലാണ്. ഹാഥ്‌റസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്ക് പോകുന്നതിനിടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അതിഖുര്‍ റഹ്‌മാന്‍, മസൂദ് അഹമദ്, ഡ്രൈവര്‍ ആലം എന്നിവര്‍ക്കൊപ്പമാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് യുപിയിലെ മഥുരയില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.