മുംബൈ- റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിനു സമീപം വാഹനത്തില്‍ ബോംബ് വച്ച കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന് മുംബൈ പോലീസ് കമ്മീഷണര്‍ പദവിയില്‍ നിന്നും മാറ്റിയ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ പരം ബീര്‍ സിങിനെ കാണാനില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വല്‍സെ പാട്ടീല്‍. അംബാനി ബോംബ് ഭീഷണിക്കേസിലെ മുഖ്യപ്രതിയായി മാറിയ അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടറായ സചിന്‍ വാസെ പരം ബീര്‍ സിങിന്റെ വിശ്വസ്തനായിരുന്നു. പരം ബീര്‍ സിങ് എവിടെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടൊപ്പം ഞങ്ങളും അന്വേഷണം നടത്തി വരികയാണെന്ന് മന്ത്രി ദിലീപ് വല്‍സെ പറഞ്ഞു. അദ്ദേഹം വിദേശത്തേക്ക് കടന്നുവെങ്കില്‍ അത് ശരിയല്ല. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശത്തേക്ക് പോകാനാകില്ല. അദ്ദഹത്തെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പരം ബീര്‍ സിങ് റഷ്യയിലേക്ക് കടന്നതായാണ് സൂചന. അദ്ദേഹം അവധിയിലായിരുന്നു. ഇതിനിടെ അവധി നീട്ടുകയും ചെയ്തിരുന്നു.
അംബാനി ബോംബ് ഭീഷണി കേസില്‍ മുഖ്യസൂത്രധാരനായ സചിന്‍ വാസെയെ മാര്‍ച്ചില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തതിനു പിന്നാലെ പരംബീര്‍ സിങിനെ മുംബൈ പോലീസ് കമ്മീഷണര്‍ പദവയില്‍ നിന്ന് മാറ്റി ഹോം ഗാര്‍ഡ് വകുപ്പില്‍ നിയമിച്ചിരുന്നു. കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരംബീറിനെ പ്രതിചേര്‍ത്തിട്ടില്ല. അതേസമയം റിപോര്‍ട്ടിലെ പല വെളിപ്പെടുത്തലുകളും പരംബീറിനെ വെട്ടിലാക്കുന്നതാണ്.
മുംബൈ പോലീസ് കമ്മീഷണര്‍ പദവിയില്‍ നിന്ന് മാറ്റിയതിനു പിന്നാലെ മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ പരംബീര്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്ന് രാഷ്ട്രീയ കോളിളക്കമുണ്ടാക്കുകയും ദേശ്മുഖിന് മന്ത്രിപദവി രാജിവെക്കേണ്ടി വരികയും ചെയ്തിരുന്നു. മുംബൈയിലെ ബാര്‍ ഉടമകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മാസംതോറും 100 കോടി രൂപ വീതം പിരിച്ചെടുക്കാന്‍ മന്ത്രിയായ അനില്‍ ദേശ്മുഖ് സചിന്‍ വാസെയോട് ആവശ്യപ്പെട്ടിരുന്നു എന്നായിരുന്നു പരംബീറിന്റെ വെളിപ്പെടുത്തല്‍. ഇത് അനില്‍ ദേശ്മുഖ് നിഷേധിച്ചിരുന്നെങ്കിലും വിവാദം കത്തിയതോടെ അദ്ദേഹത്തിന് ആഭ്യന്തര മന്ത്രി പദവി വിടേണ്ടി വന്നു.