കൊല്‍ക്കത്ത- ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന ഭവാനിപൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 54 ശതമാനം പേര്‍ വോട്ട് ചെയ്തു. മന്ദഗതിയിലായിരുന്നു പോളിങ്. ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റു മണ്ഡലങ്ങളായ സംസേര്‍ഗഞ്ചില്‍ 76 ശതമാനവും ജംഗിപൂരില്‍ 72 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ ഒക്ടോബര്‍ മൂന്നിനാണ്. മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ മമതയ്ക്ക് ഭവാനിപൂരില്‍ ജയിക്കേണ്ടത് അനിവാര്യമാണ്.
ഭവാനിപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മമതയുടെ എതിരാളിയായി രംഗത്തുള്ളത് ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാള്‍ ആണ്. ശ്രിബിജ് ബിശ്വാസ് ആണ് സിപിഎം സ്ഥാനാര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. സുരക്ഷ കണക്കിലെടുത്ത് ഭവാനിപൂരില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതു വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സേനയേയും വിന്യസിച്ചിരുന്നു.