കണ്ണൂര്‍- വാരം ചതുരക്കിണറിനു സമീപം കവര്‍ച്ചക്കിടെ പരിക്കേറ്റ് വയോധികയായ ആയിഷ മരിച്ച സംഭവത്തില്‍ മൂന്ന് അസം സ്വദേശികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു.
ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇതിനു പുറമെ മറ്റ് തലത്തിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കവര്‍ച്ചയാണോ അക്രമികളുടെ ലക്ഷ്യം എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാവില്ല. കുടുംബ പ്രശ്‌നം വല്ലതും ഉണ്ടോ എന്ന് കൂടി അന്വേഷിക്കുമെന്നും സി.ഐ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ചതുരക്കിണറിനു സമീപം ആയിഷ കവര്‍ച്ചക്കിരയായത്. കഴിഞ്ഞ ദിവസമാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ആയിഷയുടെ കമ്മലുകള്‍ കവര്‍ന്ന സംഘം വീട്ടിനകത്ത് സൂക്ഷിച്ച പണമോ ആഭരണമോ കവര്‍ന്നിട്ടില്ല. തനിച്ചാണ് ആയിഷ താമസിച്ചിരുന്നതെങ്കിലും സമീപത്ത് തന്നെ നിരവധി വീടുകള്‍ ഉണ്ട്. അയിഷയുടെ വീടിന്റെ മുന്നില്‍ മറ്റൊരു വീട് നിര്‍മാണം നടക്കുന്നുണ്ട്. പൈപ്പില്‍ നിന്ന് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ ആയിഷയുമായി വാക്കേറ്റം ഉണ്ടായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ആയിഷയുടെ കാതില്‍ നിന്ന് കവര്‍ന്ന കമ്മലുകളില്‍ ഒന്ന് പോലീസിന് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. സമീപത്തെ വീടുകളിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ ഐപിഎസ്, എസിപി സദാനന്ദന്‍, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു.
ആയിഷയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. തുടര്‍ന്ന് എളയാവൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.