ന്യൂദല്‍ഹി- കോണ്‍ഗ്രസിലെ കലഹത്തെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി പദവി രാജിവെച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. ദല്‍ഹിയിലെ ഡോവലിന്റെ വസതിയില്‍ രാവിലെയായിരുന്നു കൂടിക്കാഴ്ച. അതിനിടെ അമരീന്ദറിനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അംബിക സോണിയും കമല്‍ നാഥും ശ്രമങ്ങള്‍ നടത്തുന്നതായും റിപോര്‍ട്ടുണ്ട്.
എന്നാല്‍ താന്‍ തീര്‍ച്ചയായും കോണ്‍ഗ്രസ് വിടുമെന്നാണ് അമരീന്ദര്‍ എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം ബിജെപിയില്‍ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ ഞാന്‍ കോണ്‍ഗ്രസാണ്, പക്ഷേ കോണ്‍ഗ്രസില്‍ തുടരില്ല. എന്നോട് ഇങ്ങനെയല്ല പെരുമാറേണ്ടിയിരുന്നത്- അമരീന്ദര്‍ പറഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസ് താഴോട്ടാണെന്നും കുട്ടിത്തം മാറാത്ത സിദ്ദുവിനാണ് പാര്‍ട്ടിയുടെ ഗൗരവമേറിയ ചുമതല നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. '52 വര്‍ഷമായി ഞാന്‍ രാഷ്ട്രീയത്തിലുണ്ട്. 50 വര്‍ഷത്തിനു ശേഷം എന്നെ സംശയിക്കുന്നു എങ്കില്‍ എന്റെ വിശ്വാസ്യത അപകടത്തിലാണ്. വിശ്വാസമില്ല എന്നാണ് അര്‍ത്ഥം. ഇങ്ങനെ ഒരു സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടരുന്നതില്‍ എന്തു കാര്യം?' അമരീന്ദര്‍ ചോദിച്ചു.
ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് പാര്‍ട്ടിയോട് എന്റെ നിലപാട് വ്യക്തമാക്കിയതാണ്. എനിക്കിത് സഹിക്കാനാകില്ല. ഇതുവരെ ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിട്ടില്ല. പക്ഷെ തന്നെ വിശ്വസിക്കാത്ത ഒരിടത്ത് എങ്ങനെ തുടരാനാകും. വിശ്വാസമില്ലെങ്കില്‍ തുടരാനാകില്ല- അദ്ദേഹം പറഞ്ഞു.