Sorry, you need to enable JavaScript to visit this website.

​വിരലിട്ട് പരിശോധിച്ചെന്ന് ലൈംഗിക പീഡനത്തിന് ഇരയായ വ്യോമ സേന ഉദ്യോഗസ്ഥ

കോയമ്പത്തൂര്‍- ഇന്ത്യന്‍ വ്യോമ സേനയില്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്റായ ഓഫീസര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട തന്നെ വ്യോമ സേനാ ഡോക്ടര്‍മാര്‍ രണ്ടു വിരല്‍ പരിശോധന നടത്തിയെന്ന് ഇരയായ വനിതാ ഓഫീസര്‍. പ്രതിയെ അറസ്റ്റ് ചെയ്തിട്ടും തനിക്ക് പീഡനങ്ങളില്‍ നിന്ന് മോചനമില്ലെന്ന് ഇവര്‍ പറഞ്ഞു. പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെ ലൈംഗികാവയവത്തിനുള്ളിലേക്ക് രണ്ട് വിരലുകള്‍ കടത്തി പരിശോധന നടത്തുന്ന ഈ രീതിക്ക് വിലക്കുണ്ട്. ഇത് അശാസ്ത്രീയവും ഇരയുടെ സ്വകാര്യത ലംഘിക്കുന്നതുമാണെന്ന് വ്യാപക ആക്ഷേപവും പ്രതിഷേധവും നേരത്തെ ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഇതിന് വിലക്കേര്‍പ്പെടുത്തിയത്. 

തന്റെ ലൈംഗിക ചരിത്രത്തെ കുറിച്ചു വരെ ചോദ്യം ചെയ്‌തെന്നും വ്യോമ സേന സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്നും വനിതാ ഓഫീസര്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. വ്യോമ സേനാ അധികൃതര്‍ക്കു പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ട് തവണ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായി. പരാതി പിന്‍വലിക്കുന്നതായി രേഖാമൂലം ഏഴുതി നല്‍കാന്‍ നിര്‍ബന്ധിച്ചു. പിന്നീട് മാറ്റങ്ങള്‍ വരുത്തി ഒരു കത്തില്‍ ഒപ്പിടാനും നിര്‍ബന്ധിച്ചു. രണ്ടും വനിതാ ഓഫീസര്‍ വിസമ്മതിക്കുകയായിരുന്നു. പോലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇതോടൊപ്പം ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നും വ്യോമ സേന പ്രതികരിച്ചു.

ലൈംഗികമായി പീഡിപ്പിച്ചുവെന്ന വനിതാ ഓഫീസറുടെ പരാതിയില്‍ ഇന്ത്യന്‍ വ്യോമ സേനയില്‍ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ആയ 29കാരനെ കോയമ്പത്തൂരില്‍ ഞായറാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് പരാതിപ്പെട്ടെങ്കിലും വ്യോമ സേന അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കാത്തിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്ന് 27കാരിയായ വനിതാ ഓഫീസര്‍ പറഞ്ഞു. കോയമ്പത്തൂര്‍ റെഡ്ഫീല്‍ഡ്‌സിലെ എയര്‍ ഫോഴ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് കോളെജിലെ തന്റെ മുറിക്കുള്ളില്‍ വച്ചാണ് ഉദ്യോഗസ്ഥന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഇവിടെ പരിശീലനത്തിന് എത്തിയതായിരുന്നു വനിതാ ഓഫീസര്‍. കായിക പ്രാക്ടീസ് നടത്തുന്നതിനിടെ പരിക്കേറ്റ താന്‍ മരുന്ന് കഴിച്ച് മുറിയില്‍ കിടന്നുറങ്ങിയിരുന്നു. ഉണര്‍ന്നപ്പോഴാണ് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതെന്നും പരാതിയില്‍ യുവതി പറയുന്നു.  അറസ്റ്റിലായ വ്യോമ സേനാ ഉദ്യോഗസ്ഥന്‍ ഛത്തീസ്ഗഢ് സ്വദേശിയാണ്. 

Latest News