വീടുകളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചവരെ തിരിച്ചറിഞ്ഞു

കൊച്ചി - കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കുകയും മോഷണ ഭീതി സൃഷ്ടിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതിനു പിന്നില്‍ സി.സി.ടി.വി വില്‍ക്കുന്ന സ്ഥാപനങ്ങളാണെന്ന് പോലീസിന് സൂചന ലഭിച്ചു.
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ നിരവധി വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച സംഭവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.  സി.സി.ടി.വി ക്യാമറ ഉണ്ടെങ്കില്‍ വീടുകളില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയാമെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് സ്റ്റിക്കറൊട്ടിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പോലീസിനോട് പറഞ്ഞതായാണ് അറിയുന്നത്.
സ്റ്റിക്കര്‍ പതിക്കുന്നതിനു പിന്നില്‍ മോഷ്ടാക്കളും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരുമാണെന്ന പ്രചാരണം കൊടുമ്പിരി കൊണ്ടതോടെയാണ് സത്യാവസ്ഥ പുറത്തായത്. പണം കൊടുത്ത്് ആളെ വെച്ചാണ് പല വീടുകളിലും സ്റ്റിക്കര്‍ പതിച്ചത്. ജനങ്ങളില്‍ ഭീതി സൃഷ്ടിച്ച് സി.സി.ടി.വി വില്‍പന കൊഴുപ്പിക്കനായിരുന്നു ഇവരുടെ ശ്രമം.
ഏരൂരില്‍ ഒരു മാസം മുമ്പ് വീട്ടുകാരെ കെട്ടിയിട്ട് 54 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവം നടന്നിരുന്നു. ഇതിനു പിന്നാലെ മോഷണ സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാണിച്ച് വാട്‌സാപ്പ് സന്ദേശങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിക്കുകയുണ്ടായി. സന്ദേശത്തിന് ഒരേ സ്വഭാവമാണെന്ന് പോലീസ് കണ്ടെത്തി. ഇതിനു പിന്നിലും സി.സി.ടി.വി ക്യാമറ വില്‍ക്കുന്ന കമ്പനികളാമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.

 

Latest News