അൽകോബാർ- കെ.എം.സി.സി നേതാവും അൽകോബാറിലെ മുതിർന്ന പ്രവാസിയുമായ എൻ.കെ. മരക്കാർ കുട്ടി ഹാജി (75) നിര്യാതനായി. സൗദിയിലേക്ക് മടങ്ങുന്ന വഴി കരിപ്പൂരിൽ വെച്ച് ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ആറു മാസത്തിലേറെയായി നാട്ടിൽ അവധിയിലായിരുന്ന ഇദ്ദേഹം ഷാർജ വഴി സൗദിയിലേക്ക് മടങ്ങാനിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് വിമാനത്താവളത്തിൽ ബോർഡിംഗ് നടപടികൾക്കിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട മരക്കാർ കുട്ടി ഹാജിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാല് പതിറ്റാണ്ടായി അൽകോബാർ ടൗണിലെ അൽഔഫീ ട്രേഡിംഗ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ മത, സാമൂഹിക രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്ന മരക്കാർ കുട്ടി ഹാജി അൽകോബാർ കെ.എം.സി.സിയുടെയും എസ്.ഐ.സി അൽകോബാറിന്റെയും സ്ഥാപക നേതാക്കളിൽ പ്രമുഖനാണ്. കോഴിക്കോട് ജില്ലയിലെ പെരുവയൽ കുറ്റിക്കാട്ടൂർ സ്വദേശിയായ ഇദ്ദേഹം കുറ്റിക്കാട്ടൂർ ഓർഫനേജ് ട്രഷറർ സ്ഥാനത്ത് ദീർഘ കാലമായി സേവനം ചെയ്തുവരികയായിരുന്നു. ഹലീമയാണ് ഭാര്യ. മക്കൾ: ആസിയ അൽകോബാർ, അഷ്‌റഫ് അൽകോബാർ, ബുഷറ, ആഷിക്. മരുമക്കൾ: ഹംസ കൊടുവള്ളി, ഫൗനാസ്, അബ്ദുൽ ഗഫൂർ ആവിലോറ, മുഹ്‌സിന.
അൽകോബാറിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും അകമഴിഞ്ഞ പിന്തുണ നൽകിയ അനുഭവ സമ്പത്തുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് അൽകോബാർ കെ.എം.സി.സി കേന്ദ്രകമ്മിറ്റി ഭാരവാഹികൾ അനുസ്മരിച്ചു. കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി നേതാക്കളും മരക്കാർ കുട്ടി ഹാജിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. ഹാജിയുടെ വേർപാടിൽ വിവിധ കെ.എം.സി.സി ഘടകങ്ങളിൽ പ്രാർഥനാ സംഗമങ്ങൾ നടത്താൻ പ്രവിശ്യാ കമ്മിറ്റി ആഹ്വാനം ചെയ്തു.
കാപ്
മരക്കാർ കുട്ടി ഹാജി