മസ്‌കത്ത്- ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലിക്ക് ഒമാനില്‍ ദീര്‍ഘകാല വിസ. വിദേശികളായ നിക്ഷേപകര്‍ക്ക് ആദ്യമായി ഏര്‍പ്പെടുത്തിയതാണ് ദീര്‍ഘകാല റസിഡന്‍സ് വിസ. യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ ഒമാന്‍ 10 വര്‍ഷത്തെ റസിഡന്‍സ് പെര്‍മിറ്റ് നല്‍കിയത്.
മസ്‌കത്തില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫില്‍നിന്നു എം.എ. യൂസഫലി വിസ ഏറ്റുവാങ്ങി. യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ, സൗദി അറേബ്യയുടെ പ്രീമിയം റസിഡന്‍സി എന്നിവയും ഇതിനുമുമ്പ് യൂസഫലിക്ക് ലഭിച്ചിരുന്നു. ജി.സി.സി രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 215 ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള ലുലുവിന് ഒമാനില്‍ മാത്രം 27 ഹൈപ്പര്‍മാര്‍ക്കറ്റുകളുണ്ട്.
ദീര്‍ഘകാല റസിഡന്‍സ് സംവിധാനത്തെ അംഗീകാരമായും ആദരവായും കാണുന്നുവെന്ന് യൂസഫലി പറഞ്ഞു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സയിദിനോടും ഒമാന്‍ സര്‍ക്കാരിനോടും നന്ദി പ്രകാശിപ്പിച്ചു.