മോന്‍ഡ്രിയാല്‍- യുഎസ് പ്രതിരോധ വകുപ്പിന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ)യുടെ രഹസ്യ രേഖകള്‍ പുറത്തു കൊണ്ടു വന്ന് 2013ല്‍ അമേരിക്കയെ വെട്ടിലാക്കി മുങ്ങിയ എഡ്വേര്‍ഡ് സനോഡനെ ഹോങ്കോങിലെ ഒരു ചെറിയ അപാര്‍ട്ട്‌മെന്റില്‍ ഒളിവില്‍ താമസിപ്പിച്ച ശ്രീലങ്കന്‍ കുടുംബം ഉല്‍പ്പെടെ ഏഴു പേര്‍ക്ക് ഒടുവില്‍ കാനഡ അഭയം നല്‍കി. സുപുന്‍ തിലിന കെല്ലാപത്ത, നദീക ദില്‍രുക്ഷി നോനിസ് ദമ്പതികളും ഇവരുടെ മക്കളായ സെത്തുംഡി, ദിനാത്ത് എന്നിവരുള്‍പ്പെടെ ഹോങ്കോങില്‍ നിന്നുള്ള ശ്രീലങ്കക്കാരും ഫിനിപ്പീന്‍സ് സ്വദേശികളും ഉള്‍പ്പെടെ ഏഴു പേരെയാണ് കാനഡ അഭയാര്‍ത്ഥികളായി സ്വീകരിച്ചത്. ഇവര്‍ ടൊറന്റോയില്‍ വിമാനമിറങ്ങി.
സ്‌നോഡനെ സഹായിച്ചതിന്റെ പേരില്‍ ഹോങ്കോങ്ങിലും സ്വന്തം നാട്ടിലും ഇവര്‍ പീഡനത്തിനിരയായ ഇവര്‍ക്ക് കാനഡയില്‍ അഭയം ലഭിക്കാന്‍ ശ്രമങ്ങള്‍ നടത്തിയ വാനെസ്സ റോഡല്‍ പറഞ്ഞു. ഫോര്‍ ദി റെഫ്യൂജീസ് എന്ന സന്നദ്ധ സംഘടനയുടെ ശ്രമഫലമായാണ് ഇവരെ കാനഡ സ്വീകരിച്ചത്. ഹോങ്കോങ് ഇവര്‍ക്ക് നേരത്തെ അഭയാര്‍ത്ഥി പദവി നല്‍കാന്‍ വിസമ്മതിച്ചിരുന്നു. നാടുകടത്തല്‍ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഈ പാച്ചില്‍ അവസാനിച്ചതില്‍ സമാധാനമുണ്ടെന്നും കാനഡയില്‍ പുതിയൊരു ജീവിതം തുടങ്ങുകയാണെന്നും കെല്ലാപത്ത പറഞ്ഞു. ഈ കുടുംബം കാനഡയില്‍ എത്തിയത് ഏറെ നാളുകള്‍ക്കു ശേഷം കേള്‍ക്കുന്ന സന്തോഷ വാര്‍ത്തയാണെന്ന് സ്‌നോഡന്‍ ട്വീറ്റ് ചെയ്തു.