Sorry, you need to enable JavaScript to visit this website.

പ്രവാചകന്‍ നിര്‍മിച്ചതായി പറയുന്ന മണ്‍വിളക്ക് ജൂതന്മാരുടേത്

കൊച്ചി- പ്രവാചകന്‍ സ്വന്തം കൈകൊണ്ട് മണ്ണു കുഴച്ച് ഉണ്ടാക്കിയ, ഒലിവ് ഓയിലില്‍ കത്തുന്ന അത്ഭുത വിളക്കെന്ന് തട്ടിപ്പുവീരന്‍ മോന്‍സണ്‍ അവകാശപ്പെട്ടിരുന്ത് ജൂതന്മാര്‍ ഉപയോഗിച്ചിരുന്ന മണ്‍വിളക്കാണെന്ന് പുരാവസ്തു ഇടപാടുകാരനായ സന്തോഷ് വെളിപ്പെടുത്തി.
മോശയുടെ അംശവടി എന്നവകാശപ്പെട്ട വടി, ത്രേതായുഗത്തില്‍ ശ്രീകൃഷ്ണന്റെ അമ്മ വെണ്ണ സൂക്ഷിക്കുന്നതിന് മരംകൊണ്ട് നിര്‍മ്മിച്ച ഉറി, പരിശുദ്ധ പ്രവാചകന്‍ കൈകൊണ്ട് നിര്‍മിച്ച മണ്‍വിളക്ക്- ഇവയെല്ലാം സന്തോഷില്‍നിന്ന് മോന്‍സണ്‍ മാവുങ്കല്‍ വാങ്ങിയത് വെറും ആയിരവും രണ്ടായിരവും രൂപക്കാണ്.
മോശയുടെ അംശവടി എന്ന് പറയുന്നത് അമ്പത് വര്‍ഷം പഴക്കമുള്ള വാക്കിംഗ് സ്റ്റിക്കാണ്. ത്രേതായുഗത്തില്‍ കൃഷ്ണന്‍ വെണ്ണ കട്ടുതിന്ന് സ്ഥിരമായി ഉറി പൊട്ടിച്ചിരുന്നതിനാല്‍ അമ്മ യശോദ മരംകൊണ്ട് നിര്‍മ്മിച്ചതെന്ന് മോന്‍സന്‍ അവകാശപ്പെട്ട ഉറി ഒരു പഴയ തറവാട്ടില്‍ തൈരും വെണ്ണയും ഇട്ടുവച്ചിരുന്ന അറുപത് വര്‍ഷം പഴക്കം മാത്രമുള്ള ഉറിയാണ്. ഇത്് പരമാവധി 100 കൊല്ലം പഴക്കമുള്ളതാണെന്ന് സന്തോഷ് വെളിപ്പെടുത്തി.
പുരവസ്തുക്കള്‍ ശേഖരിച്ച് ആന്റിക് ബിസിനസ് നടത്തുകയും സിനിമയുടെ കലാസംവിധാനത്തിന് വസ്തുക്കള്‍ നല്‍കുകയും ചെയ്യുന്നയാളാണ് സന്തോഷ്. മോന്‍സണ്‍ മാവുങ്കല്‍ നല്‍കാനുള്ള പ്രതിഫലവും പലിശക്ക് പണമെടുത്ത് നല്‍കിയതിന്റെ പലിശയുമടക്കം മൂന്നു കോടി രൂപ കടക്കാരനാണ്. നില്‍ക്കക്കള്ളിയില്ലാതെ കുടുംബത്തോടൊപ്പം എറണാകുളം എളമക്കരയില്‍ വാടക വീട് ഉപേക്ഷിച്ച് കൊല്ലത്ത് ഒളിച്ചു കഴിയുകയാണ് ഇയാള്‍.
മോണ്‍സണ്‍ മാവുങ്കലിന്റെ 'അമൂല്യമായ'  പുരാവസ്തു ശേഖരത്തിന്റെ 80 ശതമാനവും നല്‍കിയത് താനാണെന്ന് സന്തോഷ് പറയുന്നു. ദല്‍ഹിയില്‍ നിന്ന് റിലീസാകാനുള്ള ലക്ഷക്കണക്കിന് കോടി രൂപ വന്നു കഴിഞ്ഞാല്‍ ഇഷ്ടം പോലെ പണം തരാമെന്നും എല്ലാ ബാധ്യതകളും തീര്‍ത്തു തരാമെന്നും പറഞ്ഞ് തന്നെ മോന്‍സണ്‍ കബളിപ്പിക്കുകയായിരുന്നുവെന്നാണ് സന്തോഷ് പറയുന്നത്. മോന്‍സണുമായി പുരാവസ്തു ഇടപാടിന് ഇടനില നിന്ന ഇനത്തിലും വന്‍തോതില്‍ ബാധ്യത വന്നു. ഒരാഴ്ചക്കുള്ളില്‍ പണം തരാമെന്ന ഇയാള്‍ പറഞ്ഞതു വിശ്വസിച്ച് ബ്ലേഡ് പലിശക്കാണ് ലക്ഷങ്ങള്‍ പലിശക്കെടുത്തു നല്‍കിയിരുന്നത്. കടം നല്‍കിയവര്‍ പണത്തിനായി വീട്ടില്‍ ദിവസവും കയറിയിറങ്ങാന്‍ തുടങ്ങിയതോടെ മോന്‍സന്റെ നിര്‍ദേശ പ്രകാരം ഇയാള്‍ നാടുവിടുകയായിരുന്നു. ദല്‍ഹിയില്‍ നിന്നുള്ള ലക്ഷക്കണക്കിന് കോടി രൂപ ഉടന്‍ പാസായി വരുമെന്ന വാക്കില്‍ താന്‍ അവസാനം വരെയും വിശ്വസിച്ചു പോയെന്നാണ് സന്തോഷ് പറയുന്നത്. അക്കൗണ്ട് വിവരങ്ങള്‍ കാണിച്ച് വിശ്വാസം ഉറപ്പിച്ചിരുന്നു. വി ഐ പികളുമായുള്ള ബന്ധവും മോന്‍സണെ വിശ്വസിക്കാന്‍ കാരണമായെന്ന് സന്തോഷ് പറയുന്നു.
കാലപ്പഴക്കം പറഞ്ഞുതന്നെയാണ് ഓരോ വസ്തുക്കളും മോന്‍സന് നല്‍കിയിരുന്നത്. എന്നാല്‍ താന്‍ നല്‍കിയ വാക്കിംഗ് സ്റ്റിക്കും ഉറിയും മണ്‍വിളക്കുമൊക്കെ അമൂല്യമായ പുരാവസ്തുക്കളായി യുട്യൂബിലും മറ്റു മോന്‍സണ്‍ അവതരിപ്പിച്ചതു കണ്ട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആളുകളെ ആകര്‍ഷിക്കാനാണ് അങ്ങനെ പറയുന്നതെന്നും ഇതൊന്നും വില്‍ക്കാന്‍ വേണ്ടിയല്ലെന്നുമായിരുന്നു മോന്‍സന്റെ മറുപടി. താന്‍ നല്‍കിയ സാധനങ്ങളെല്ലാം മോന്‍സന്റെ വീട്ടില്‍ തന്നെയുണ്ടെന്നും ഒന്നും വിറ്റതായി അറിയില്ലെന്നും സന്തോഷ് പറയുന്നു. പുരാവസ്തുക്കള്‍ അമൂല്യമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു മോന്‍സന്റെ രീതി. മോന്‍സണില്‍ നിന്ന് കിട്ടാനുള്ള മൂന്നു കോടി രൂപക്കായി നിയമനടപടി സ്വീകരിക്കുമെന്നും ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്നും സന്തോഷ് വ്യക്തമാക്കി.
എന്നാല്‍ സന്തോഷിന്റെ വെളിപ്പെടുത്തല്‍ ക്രൈംബ്രാഞ്ച് പൂര്‍ണമായും വിശ്വാസത്തിലെടുക്കുന്നില്ല. തട്ടിപ്പില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇതുവരെയും ഇയാള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ എത്തിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

Latest News