Sorry, you need to enable JavaScript to visit this website.

വിവാദ സിലബസില്‍ മാറ്റം; ഗാന്ധിയന്‍, ഇസ്ലാമിക്, സോഷ്യലിസ്റ്റ് ധാരകളും പഠിപ്പിക്കും

കണ്ണൂര്‍- കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ പി.ജി സിലബസില്‍  മാറ്റം വരുത്തി. ദീന്‍ ദയാല്‍ ഉപാധ്യായ, ബല്‍രാജ് മധോക് എന്നിവരുടെ പുസ്തകങ്ങള്‍ സിലബസില്‍നിന്ന് ഒഴിവാക്കി. ഗോള്‍വാള്‍ക്കര്‍,സവര്‍ക്കര്‍  എന്നിവരുടെ കൃതികള്‍ വിമര്‍ശന വിധേയമാക്കി പഠിപ്പിക്കും. ഗാന്ധിയന്‍, ഇസ്ലാമിക്, സോഷ്യലിസ്റ്റ് ധാരകളും ഉള്‍പ്പെടുത്തും. പുതുക്കിയ സിലബസിന് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍  അംഗീകാരം നല്‍കി.
കണ്ണൂര്‍ സര്‍വകലാശാല  പുതുതായി തുടങ്ങിയ പി.ജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് മൂന്നാം സെമസ്റ്ററിന്റെ സിലബസിലാണ് മാറ്റം വരുത്തിയത്.
ആര്‍.എസ്.എസ് സൈദ്ധാന്തികനായ എം.എസ് ഗോള്‍വാള്‍ക്കര്‍ എഴുതിയ ബഞ്ച് ഓഫ് തോട്ട്‌സ് ഉള്‍പെടെയുള്ള തീവ്ര ഹിന്ദുത്വ പാഠഭാഗങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയതാണ് വന്‍ വിവാദത്തിന് കാരണമായത്. വി.ഡി സവര്‍ക്കര്‍, ബല്‍രാജ് മധോക്ക്, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ പുസ്തകങ്ങളും സിലബസില്‍ ഉണ്ടായിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ സിലബസില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു.
കേരള സര്‍വകലാശാലയിലെ മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് മേധാവി യു. പവിത്രന്‍, കാലിക്കറ്റ് സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് മേധാവിയായിരുന്ന ജെ പ്രഭാഷ് എന്നിവരാണ് സിലബസ് പരിശോധിച്ചത്. പ്രതിഷേധക്കാരുടെ നിലപാടിനെ ശരിവച്ച സമിതി സിലബസില്‍ നിരവധി പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഹിന്ദുത്വ ആശയങ്ങളുടെ വക്താക്കളെക്കുറിച്ച് മറ്റ് സര്‍വ്വകലാശാലകളിലും പഠിപ്പിക്കാറുണ്ടെങ്കിലും അവരുടെ പുസ്തകങ്ങള്‍ അതുപോലെ ചേര്‍ക്കുന്നത് ശരിയല്ലെന്ന് സമിതി പറഞ്ഞു.
ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പം മറ്റ് ചിന്താധാരകള്‍ക്ക് പ്രാമുഖ്യം ലഭിച്ചില്ലെന്നും സമിതി കുറ്റപ്പെടുത്തി. ഇതടക്കം സിലബസില്‍ ആകെ മാറ്റം കൊണ്ടുവരണമെന്നായിരുന്നു വിദഗ്ദ്ധ സമിതിയുടെ നിലപാട്. റിപ്പോര്‍ട്ട് യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സിലും പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസും ചര്‍ച്ച ചെയ്തു. പിന്നീടാണ് ഹിന്ദുത്വ വിഷയങ്ങള്‍ വിമര്‍ശനാത്മകമായി പഠിപ്പിക്കാനും ഗാന്ധിയന്‍, ഇസ്ലാമിക്, സോഷ്യലിസ്റ്റ് ധാരകളും ഉള്‍പ്പെടുത്താനും തീരുമാനമായത്. വിദഗ്ധ സമിതി നിര്‍ദ്ദേശങ്ങള്‍ പ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസാണ് പുതിയ സിലബസ് തയ്യാറാക്കിയത്.

 

Latest News