Sorry, you need to enable JavaScript to visit this website.

മലയാളി ബൈക്ക് റേസിംഗ് താരത്തിന്റെ മരണം കൊലപാതകം, പിന്നില്‍ ഭാര്യയെന്ന് പോലീസ്

ജയ്പൂര്‍- മലയാളി ബൈക്ക് റേസിംഗ് താരത്തിന്റെ മരണം കൊലപാതകമാണെന്ന് മൂന്ന് വര്‍ഷത്തിനുശേഷം  പോലീസ് തെളിയിച്ചു. കണ്ണൂര്‍ സ്വദേശിയും ബംഗളുരു ആര്‍ടി നഗറില്‍ താമസക്കാരനുമായ അസ്ബഖ് മോന്‍ (34) മൂന്ന് വര്‍ഷം മുമ്പാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.
കൊലപാതകമാണെന്ന് കണ്ടെത്തിയ രാജസ്ഥാന്‍ പോലീസ്
അസ്ബഖിന്റെ സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ് എന്നിവരെ അറസ്റ്റ് ചെയ്തു. അസ്ബഖിന്റെ ഭാര്യ സുമേറ പര്‍വേസും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
2018 ഓഗസ്റ്റില്‍ ജയ്‌സാല്‍മീറില്‍ മോട്ടോര്‍റാലിക്കിടെ അസ്ബഖിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരിശീലനത്തിനിടെ മരുഭൂമിയില്‍ ഒറ്റപ്പെട്ട് നിര്‍ജലീകരണം മൂലം മരണം സംഭവിച്ചു എന്നായിരുന്നു പ്രാഥമിക നിഗമനം.

ഭാര്യ സുമേറക്കും സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ്, നീരജ്, സാബിഖ്,സന്തോഷ് എന്നിവര്‍ക്കൊപ്പമാണ് അസ്ബഖ് ജയ്‌സാല്‍മീറിലെത്തിയത്. 2018 ഓഗസ്റ്റ് 15 ന് ഇവരെല്ലാം ഒരുമിച്ച് റേസിംഗ് ട്രാക്ക് കാണാന്‍ പോയെങ്കിലും പിന്നീട് അസ്ബഖിനെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മരണത്തില്‍ സംശയമില്ലെന്നാണ് ഭാര്യ സുമേറ പോലീസിനോട് പറഞ്ഞിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്ബഖിന്റെ പുറത്ത് പരിക്കേറ്റതായി കണ്ടെത്തിയിരുന്നു. മരണത്തില്‍ ദുരുഹതയുണ്ടെന്ന് ആരോപിച്ച് അസ്ബഖിന്റെ മാതാവും സഹോദരനുമാണ് പോലീസില്‍ പരാതി നല്‍കിയത്.
ബംഗളുരുവില്‍ താമസമാക്കുന്നതിനുമുമ്പ് അസ്ബഖും കുടുംബവും ദുബായിലാണ് താമസിച്ചിരുന്നത്. പലകാര്യങ്ങളിലും അസ്ബഖും സുമേറയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അസ്ബഖ് മരിച്ച സ്ഥലത്ത് ആദ്യമെത്തിയത് സുഹൃത്ത് സഞ്ജയ് ആണെന്നും അസ്ബഖിന്റെ മൊബൈല്‍ ഫോണും സാധനങ്ങളും ഇയാള്‍ കൈക്കലാക്കിയിരുന്നതായും പോലീസ് ണ്ടെത്തി.

മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് ഒളിവില്‍ പോയ സഞ്ജയ്, വിശ്വാസ് എന്നിവരെ ബംഗളുരുവില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

Latest News