ന്യൂദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പ നടക്കാനിരിക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും പ്രതിസന്ധി രൂപപ്പെട്ടതോടെ പാര്‍ട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത് ജി-23 വിമത നേതാക്കള്‍ വീണ്ടും രംഗത്ത്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ തെരഞ്ഞെടുത്ത ഒരു പ്രിസഡന്റ് ഇല്ല, ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല- വിമതസ്വരമുയര്‍ത്തിയ 23 നേതാക്കളില്‍ പ്രമുഖനായ കപില്‍ സിബല്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടു വരണമെന്നും ദൃശ്യതയുള്ള ഒരു നേതൃത്വം വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളെയാണ് ജി-23 എന്നു വിശേഷിപ്പിക്കുന്നത്. ഞങ്ങള്‍ ജി-23 ആണ്, റാന്‍ മൂളികളല്ലെന്നും കപില്‍ സിബല്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് വിട്ട് മറ്റെവിടേക്കെങ്കിലും പോകില്ലെന്നും താന്‍ സംസാരിക്കുന്നത് ജി-23 നേതാക്കളെ പ്രതിനിധീകരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സോണിയ ഗാന്ധിയേയും രാഹുലിനെയോ പ്രിയങ്കയെയോ സിബല്‍ പേരെടുത്തു പറഞ്ഞില്ല. താന്‍ ശരിക്കും വളരെ അസ്വസ്ഥനാണെന്നും നിങ്ങള്‍ക്കു മുമ്പില്‍ വരികയല്ലാതെ ഞങ്ങള്‍ക്ക് മറ്റുവഴികളില്ലെന്നും സിബല്‍ പറഞ്ഞു.
ആളുകള്‍ എന്താണ് പാര്‍ട്ടി വിടുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. കുഴപ്പം നമ്മുടേതാണോ എന്നും ചര്‍ച്ച ചെയ്യണം. ഉടനടി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി വിളിച്ചു ചേര്‍ക്കണം. ചുരുങ്ങിയ പക്ഷം ചര്‍ച്ചയെങ്കിലും നടക്കും. ഞങ്ങള്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം വിട്ടും എങ്ങോട്ടും പോകുന്നില്ല. നേതൃത്വവുമായി അടുത്തവരെന്ന് പറയുന്നവര്‍ പാര്‍ട്ടി വിടുകയും അടുപ്പമില്ലാത്തവരെന്ന് പറയുന്നവര്‍ ഇപ്പോഴും അവിടെ നില്‍ക്കുകയും ചെയ്യുന്നു എന്നതാണ് കോണ്‍ഗ്രസിലെ വിരോധാഭാസമെന്നും കപില്‍ സിബല്‍ പറഞ്ഞു.
ഇപ്പോഴത്തെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്ന് മറ്റൊരു ജി-23 നേതാവായ ഗുലാം നബി ആസാദും ആവശ്യപ്പെട്ടു.