ബംഗളൂരു- വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരെ തണുപ്പിക്കാന്‍ എയര്‍ഹോസ്റ്റസുമാര്‍ കണ്ടെത്തിയ വഴി വാര്‍ത്തയായി.
ബംഗളൂരുവില്‍നിന്ന് ആന്ധ്രപ്രദേശിലെ കുര്‍ണൂലിലേക്കുള്ള ഇന്‍ഡിഗോ 6 ഇ വിമാനത്തിലാണ് സംഭവം. രാവിലെ 9.05 നു പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന് പ്രതികൂല കാലാവസ്ഥ കാരണം 11 മണിവരെ ബംഗളൂരുവില്‍നിന്ന് ടേക്ക് ഓഫിന് അനുമതി ലഭിച്ചില്ല.
മുക്കാല്‍ മണിക്കൂര്‍ വൈകി ഉയ്യലവാഡിയലെ നരസിംഹ റെഡ്ഢി എയര്‍പോര്‍ട്ടിനു മുകളിലെത്തിയെങ്കിലും കനത്ത മഴ കാരണം ആകാശത്ത് വട്ടമിടേണ്ടി വന്നു. ഒരു മണിക്കൂര്‍ വൈകിയാണ് ഒടുവില്‍ ലാന്‍ഡിംഗ് സാധിച്ചത്.
പുരുഷന്മാരായ എട്ട് യാത്രക്കാര്‍ മാത്രമേ വിമാനത്തില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും അവരെ സന്തോഷിപ്പിക്കാന്‍ എയര്‍ ഹോസ്റ്റസുമാരായ സ്‌നേഹയും മെറന്റലയും സ്വന്തം കൈപ്പടയില്‍ ക്ഷമാപണം എഴുതി ഒപ്പിട്ട് നല്‍കുകയായിരുന്നു. ഇതോടെ യാത്രക്കാരുടെ പരിഭവമെല്ലാം മാറി.
പ്രകൃതി ചിലപ്പോള്‍ നമ്മുടെ നിയന്ത്രണങ്ങള്‍ക്കപ്പുറമാകുമെന്നും വിമാനം വൈകിയ സമയത്ത് കാര്യം മനസ്സിലാക്കി ക്ഷമയോടെ കാത്തിരുന്നതിനു നന്ദിയെന്നുമാണ് ഡിയര്‍ സര്‍ എന്ന അഭസംബോധനയോടെയുള്ള എഴുത്തില്‍ പറഞ്ഞത്.
യാത്രക്കാരിലുണ്ടായിരുന്ന സോഫ്റ്റ് വെയര്‍ പ്രൊഫഷണല്‍ വെങ്കട്ടരാഘവന്‍ ചന്ദ്രയാണ് എയര്‍ഹോസ്റ്റസുമാരുടെ രീതിയെ പ്രകീര്‍ത്തിച്ചത്. അവര്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.