Sorry, you need to enable JavaScript to visit this website.

നീറ്റ് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്താന്‍ സുപ്രീം കോടതിയില്‍ ഹരജി

ന്യൂദല്‍ഹി-ചോദ്യപേപ്പര്‍ ചോര്‍ന്നതും കൃത്രിമങ്ങളും കണക്കിലെടുത്ത് സെപ്റ്റംബര്‍ 12 ന് നടന്ന നീറ്റ് യു.ജി 2021 പ്രവേശന പരീക്ഷ റദ്ദാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹരജി. നിലവില്‍ പ്രഖ്യാപിച്ച നീറ്റ് ഫലം റദ്ദാക്കണമെന്നും പുതിയ പരീക്ഷ നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ആള്‍മാറാട്ടവും കൃത്രിമങ്ങളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
നീതിപൂര്‍വകമായും സുതാര്യമായും പരീക്ഷ നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പരീക്ഷാര്‍ഥികളുടെ ബയോമെട്രിക് വെരിഫിക്കേഷന്‍ നടത്താനും ജാമ്മറുകള്‍ ഉപയോഗിക്കാനും വിദ്യാഭ്യാസ മന്ത്രാലയത്തിനും ദേശീയ പരീക്ഷാ ഏജന്‍സിക്കും ദേശീയ മെഡിക്കല്‍ കമ്മീഷനും നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.
നീറ്റ് യു.ജി-2021 പരീക്ഷയില്‍ നടന്ന കൃത്രിമങ്ങളെ കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ ഫലങ്ങള്‍ ഒരാഴ്ചക്കകം സുപ്രീം കോടതി മുമ്പാകെ സമര്‍പ്പിക്കാന്‍ സി.ബി.ഐക്കും രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഡി.ജി.പിമാര്‍ക്കും നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 12 ന് പരീക്ഷ നടന്നപ്പോള്‍ പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിനിയേയും കൃത്രിമം നടത്താന്‍ സഹായിച്ച ഏഴു പേരേയും രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Latest News