ഇംഫാല്‍- 42 ലക്ഷം രൂപയോളം വില വരുന്ന 909.68 ഗ്രാം സ്വര്‍ണം കുഴമ്പ് രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മലയാളി യുവാവിനെ മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് പിടികൂടി. നാലു പൊതികളായാണ് സ്വര്‍ണക്കുഴമ്പ് മലദ്വാരത്തില്‍ ഒളിപ്പിച്ചിരുന്നത്. കോഴിക്കോട് സ്വദേശി മുഹമ്മദ് ശരീഫില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തിങ്കളാഴ്ച ഇംഫാലില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ ദല്‍ഹിയിലേക്കു പറക്കാനിരിക്കെയാണ് പിടിയിലായത്. പരിശോധനയ്ക്കിടെ സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ തൃപ്തികരമായ മറുപടിയല്ല ലഭിച്ചതെന്നും തുടര്‍ന്ന് വിശദമായി പരിശോധിക്കുകയായിരുന്നെന്നും സിഐഎസ്എഫ് പറഞ്ഞു. എക്‌സ്‌റെ പരിശോധനയിലാണ് മലദ്വാരത്തില്‍ നാലു പൊതികള്‍ കണ്ടത്. തുടര്‍ന്ന യുവാവ് കുറ്റംസമ്മതിച്ചു. തുടര്‍നടപടികള്‍ക്കായി സിഐഎസ്എഫ് ശരീഫിനെ കസ്റ്റംസിനു കൈമാറി.