തിരിച്ചു പോകാന്‍ ഒരു വഴിയുമില്ല; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് ചൈന

ന്യൂദല്‍ഹി- പഠനം തുടരാനായി മടക്ക യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട്  കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ചൈന. കോവിഡ് കാരണം ഇന്ത്യയിലെത്തി പിന്നീട് തിരിച്ചുപോകാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച ദല്‍ഹിയിലെ ചൈനീസ് എംബസിക്കു മുമ്പില്‍ പ്രതിഷേധിച്ചിരുന്നു. ഇവരോടാണ് ഒരു വഴിയുമില്ലെന്ന് ചൈന വ്യക്തമാക്കിയത്. ഇവരിലേറെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. വന്‍തുക മുടക്കി മെഡിസിന്‍ പഠനം തുടരുന്ന ഈ വിദ്യാര്‍ത്ഥികളുടെ പഠനം ഇന്ത്യയില്‍ കുടുങ്ങിയതോടെ മാസങ്ങളായി പ്രതിസന്ധിയിലാണ്. 

കോവിഡ് ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുകയാണ്. ഈ സാഹചര്യത്തില്‍ ചൈനീസ് സര്‍ക്കാരിന് കോവിഡ് നിയന്ത്രണ, പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയല്ലാതെ മറ്റു വഴികളില്ല- ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാ ചുന്‍യിങ് പറഞ്ഞു. പുറത്ത് നിന്ന് ചൈനയിലേക്കുള്ള പ്രവേശന വിലക്കും പ്രതിരോധ നിയന്ത്രണങ്ങളും ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും ബാധകമാണ്. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് നിയന്ത്രണങ്ങളിലും ചൈന മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. വിദേശത്ത് നിന്ന് ചൈനയിലേക്കുള്ള യാത്രകള്‍ സുരക്ഷിതവും ആരോഗ്യകരവുമാക്കാനുള്ള നടപടികളാണിതെന്നും അവര്‍ പറഞ്ഞു. 

ചൈനയുടെ കര്‍ശന യാത്രാ വിലക്ക് നിരാശപ്പെടുത്തുന്നതാണെന്നും ഇത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേയും ബിസിനസുകാരേയും മറ്റും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി പറഞ്ഞിരുന്നു. ചൈനയില്‍ 23000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിവിധ യൂനിവേഴ്‌സിറ്റികളില്‍ പഠിക്കുന്നത്.
 

Latest News