കൃഷ്ണഗിരി- യാത്ര ചെയ്യുകയായിരുന്ന ഒരു സംഘം സ്ത്രീകളെ വാഹനം തടഞ്ഞ് ശല്യപ്പെടുത്തുകയും കമന്റടിക്കുകയും ചെയ്ത മൂന്ന് യുവാക്കളെ തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ടു തല്ലിച്ചതച്ചു. ധര്‍മപുരി-തിരുപത്തൂര്‍ ഹൈവേയില്‍ ഒരു ഗുഡ്‌സ് വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീകളെ കാറില്‍ പിന്തുടര്‍ന്നാണ് ഏഴംഗം സംഘം ശല്യപ്പെടുത്തുകയും വാഹനം തടഞ്ഞ് മര്‍ദിക്കുകയും ചെയ്തത്. ഇവരെ വെട്ടിച്ചു പോകാന്‍ ഗുഡ്‌സ് വാഹനത്തിന്റെ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ കാര്‍ വിലങ്ങിട്ട് തടയുകയായിരുന്നു.
യുവാക്കള്‍ ഡ്രൈവറുമായി തര്‍ക്കിക്കുകയും മര്‍ദിക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളേയും കൈകാര്യം ചെയ്യാനും ശ്രമിച്ചു. ഇതു കണ്ട നാട്ടുകാര്‍ ഇടപെടുകയും അക്രമി സംഘത്തിലെ മൂന്ന് പേരെ പിടികൂടുകയുമായിരുന്നു. മറ്റു നാലു പേര്‍ രക്ഷപ്പെട്ടു. പിടികൂടിയ മൂന്ന് പേരെ നാട്ടുകാര്‍ തൊട്ടടുത്ത ഒരു മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. അക്രമി സംഘം മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൂന്ന് പേരേയും കസ്റ്റഡിയിലെടുത്തു. മറ്റു നാലു പേര്‍ക്കായി തിരിച്ചില്‍ നടത്തിവരികയാണ്.