ന്യൂദല്‍ഹി - പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്നാലെ കഴിഞ്ഞ വര്‍ഷം വടക്കുകിഴക്കന്‍ ദല്‍ഹിയിലുണ്ടായ കലാപം ആസൂത്രിതമായിരുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി. തലസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അസ്ഥിരപ്പെടുത്തുകയുമായിരുന്നു കലാപത്തിന് പിന്നിലെ ലക്ഷ്യമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പരാമര്‍ശിച്ചു.
കലാപത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസിലെ പ്രതി മുഹമ്മദ് ഇബ്രാഹിമിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ണായക പരാമര്‍ശം. ഏതെങ്കിലും പ്രശ്‌നത്തിന്റെ പേരില്‍ പെട്ടെന്നുണ്ടായ ആവേശമല്ല കലാപത്തിന് കാരണമെന്നും, അക്രമം നടന്ന പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ നശിപ്പിച്ചതുതന്നെ കലാപം ആസൂത്രിതമായിരുന്നുവെന്നതിന് തെളിവാണെന്നും ജഡ്ജി പറഞ്ഞു.
എണ്ണത്തില്‍ കുറവായിരുന്ന പോലീസുകാരെ കലാപകാരികള്‍ വടികളും ബാറ്റുകളും കൊണ്ട് ആക്രമിച്ചു. പ്രതി മുഹമ്മദ് ഇബ്രാഹിം വാളുമായാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും കോടതി പറഞ്ഞു. തന്റെയും കുടുംബത്തിന്റെയും സുരക്ഷയെ കരുതിയാണ് വാള്‍ കൈവശം വെച്ചതെന്ന മുഹമ്മദ് ഇബ്രാഹിമിന്റെ വാദം കോടതി അംഗീകരിച്ചില്ല.
ഇതേ കേസില്‍ നേരത്തെ അഞ്ച് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് തന്നെയാണ്.