ന്യൂദല്‍ഹി- പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള നവജ്യോത് സിങ് സിദ്ദുവിന്റെ രാജി അംഗീകരിക്കാതെ ഹൈക്കമാന്‍ഡ്. ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമാണ് നവ്‌ജോത് സിംഗ് സിദ്ദു രാജിക്കത്തിലൂടെ അറിയിച്ചത്. എല്ലാ കാര്യങ്ങളും ശരിയാകുമെന്നാണ് എ.ഐ.സി.സി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത്. പഞ്ചാബ് കാര്യത്തില്‍ പ്രതികരിക്കാതിരിക്കാതെ ഒഴിഞ്ഞുമാറുകയാണ് പൊതുവെ കോണ്‍ഗ്രസ് നേതാക്കള്‍.
ചൊവ്വാഴ്ച ഉച്ചയോടെയാണ് പിസിസി അധ്യക്ഷസ്ഥാനം സിദ്ദു രാജിവെച്ചത്. കോണ്‍ഗ്രസില്‍ തുടരുമെന്നും പിസിസി അധ്യക്ഷസ്ഥാനത്ത് തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സോണിയാഗാന്ധിക്ക് അയച്ച കത്തില്‍ സിദ്ദു പറഞ്ഞു.
സിദ്ദുവിന്റെ രാജിക്ക് പിന്നാലെ മന്ത്രി റസിയ സുല്‍ത്താനയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഗൗതം സേത്തും യോഗിന്ദര്‍ ദിങ്ക്രയും രാജിവെച്ചിരുന്നു. സിദ്ധുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാജി എന്നാണ് മൂന്ന് നേതാക്കളും പ്രതികരിച്ചത്.