അമൃത്‌സര്‍- രണ്ടു ദിവസം മുമ്പ് മന്ത്രിയായി ചുമതലയേറ്റ റസിയ സുല്‍ത്താന പഞ്ചാബ് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു. പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച നവജ്യോത് സിങ് സിദ്ദുവിന് പിന്തുണയര്‍പ്പിച്ചാണ് തന്റെ രാജിയെന്ന് റസിയ സുല്‍ത്താന അവകാശപ്പെട്ടു. ജല വിതരണ ശുചിത്വ മന്ത്രിയായിരുന്നു. പഞ്ചാബിന്റെ താല്‍പര്യാര്‍ഥം പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും റസിയ വ്യക്തമാക്കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സിദ്ദു പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചത്. അമരീന്ദര്‍ സിംഗിന്റെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്ന സിദ്ദു ഇത് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി വെച്ചതെന്ന് പറയുന്നു.
അമരീന്ദറിനെ മാറ്റിയ ഹൈക്കമാന്‍ഡ് സിദ്ദുവിന് പകരം ദളിത് സിഖ് സമുദായംഗമായ ചരണ്‍ജിത് സിങ് ചന്നിയെയാണ് മുഖ്യമന്ത്രിയാക്കിയത്.
പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച റസിയ സുല്‍ത്താന 2002ലാണ് ആദ്യമായി പഞ്ചാബ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2007ലും 2017ലും അവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.