ലഖ്‌നൗ-ഹിന്ദു വിരുദ്ധ പ്രചാരണം നടത്തിയെന്നാരോപിച്ച് സീനിയര്‍ ഐ.എ.എസ് ഓഫീസര്‍ മുഹമ്മദ് ഇഫ്തിഖാറുദ്ദീനെതിരെ യു.പി സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചിരിക്കയാണ്. സംസ്ഥാന സര്‍ക്കാര്‍ വക്താവ് സിദ്ദാര്‍ഥ് സിംഗ് ആനന്ദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഹൈന്ദവതക്കെതിരെ പ്രചാരണം നടത്തിയെന്നും ഇത് പൊറുപ്പിക്കാനാവില്ലെന്നും കുറ്റം തെളിഞ്ഞാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ഇഫ്തിഖാറുദ്ദീനെ യു.പി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചതിന് അഖിലേഷ് യാദവ് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തു.
മഠ്,മന്ദിര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ദേശീയ ഉപാധ്യക്ഷന്‍ ഭൂപേഷ് അവാസ്തിയാണ് ഇഫ്തിഖാറുദ്ദീനെതിരെ ആരോപണം ഉന്നയിച്ചത്. കാണ്‍പുര്‍ സോണ്‍ കമ്മീഷണറായിരുന്ന ഇഫ്തിഖാറുദ്ദീന്‍ മത പരിപാടികളില്‍ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോകളാണ് തെളിവായി ഹാജരാക്കിയത്. ഇസ് ലാം സ്വീകരിച്ചാലുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് ഇഫ്തിഖാറുദ്ദീന്‍ ജനങ്ങളോട് പറയുന്നതായാണ് ആരോപണം. മതനേതാവ് ഐ.എ.എസ് ഓഫിസര്‍ക്കു സമീപം ഇരിക്കുന്നതാണ് വീഡിയോ.
പരാതി അന്വേഷിക്കാന്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സോമന്ദ്ര മീണയോടും കാണ്‍പൂര്‍ പോലീസ് കമ്മീഷണര്‍ അസീം അരുണ്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഗുരുതരമായ കാര്യമാണെന്നും പൊറുപ്പിക്കാനാവില്ലെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു.