തലശ്ശേരി- എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസല്‍ കൊലക്കേസ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. ഫസലിനെ കൊലപ്പെടുത്തിയത് താനടക്കം നാലു പേരാണെന്ന മാഹി ചെമ്പ്രയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുപ്പി സുബീഷിന്റെ ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. ശബ്ദസാമ്പിള്‍ പരിശോധിച്ച ശേഷം അത് കുറ്റസമ്മതമൊഴിയിലുള്ള ശബ്ദവുമായും മൊഴിയുമായും ശാസ്ത്രീയ പരിശോധന നടത്തണമെന്നും കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഫസല്‍ വധക്കേസില്‍ സുബീഷിന്റെ വെളിപ്പെടുത്തലിനെപ്പറ്റി അന്വേഷിക്കാന്‍ രൂപീകരിച്ച സംസ്ഥാന പോലീസിലെ പ്രത്യേക സംഘം നല്‍കിയ അപേക്ഷയിലാണ് കോടതി ഉത്തരവ്. എന്നാല്‍ കേസിനെ ചില കേന്ദ്രങ്ങള്‍ വഴിതിരിച്ച് വിടാനുള്ള നീക്കത്തിനെതിരെ ശക്തമായ സമാന്തര അന്വേഷണവുമായി സി.ബി.ഐയും രംഗത്തുണ്ട്.
ഫസലിനെ കൊന്നത് തങ്ങളാണെന്ന് കുപ്പി സുബീഷ് സുഹൃത്തിനോട് ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തിയതായി സംസ്ഥാന പോലീസ് കണ്ടെത്തിയിരുന്നു. സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം പാതിരിയാട് വാളാങ്കിച്ചാലിലെ കെ. മോഹനന്‍ വധക്കേസില്‍ കുപ്പി സുബീഷ് പിടിയിലായതോടെ പോലീസില്‍ കുറ്റം ഏറ്റുപറയുകയും ചെയ്തതായുള്ള വീഡിയോ പുറത്തു വന്നിരുന്നു. പടുവിലായി മോഹനന്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘം മുമ്പാകെയാണ് ഫസല്‍ വധത്തിലെ പങ്ക് സുബീഷ് വെളിപ്പെടുത്തിയത്. 2009 ല്‍ ചിറ്റാരിപ്പറമ്പ് പവിത്രന്‍ കൊലക്കേസിലും പങ്കുണ്ടെന്ന് സുബീഷ് പോാലീസില്‍ കുറ്റസമ്മത മൊഴി നല്‍കിയിരുന്നു.
ഡിവൈ.എസ്.പി സദാനന്ദന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോടാണ് സുബീഷ് കുറ്റസമ്മതം നടത്തിയതെന്ന വീഡിയോയാണ് പുറത്തു വന്നിരുന്നത്. എന്നാല്‍ ഇക്കാര്യം പിന്നീട് അഭിഭാഷകനൊത്ത് വാര്‍ത്താ സമ്മേളനം നടത്തി സുബീഷ് തള്ളിക്കളഞ്ഞിരുന്നു. പോലീസ് പീഡിപ്പിച്ച് തനിക്കെതിരെ കള്ളത്തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നെന്നും സുബീഷ് വെളിപ്പെടുത്തി.
സുഹൃത്ത് പ്രബീഷ്, ഇല്ലത്തുതാഴെ താമസിക്കുന്ന പലിശയ്ക്ക് പണം നല്‍കിയിരുന്ന പ്രമീഷ്, സ്‌കൂളില്‍ കൂടെ പഠിച്ചിരുന്ന ഷിനോജ് എന്നിവരും താനും ചേര്‍ന്നാണ് ഫസലിനെ വധിച്ചതെന്നാണ് 2016 ല്‍ സുബീഷ് പോലീസിനോട് വെളിപ്പെടുത്തിയത്. കൊല്ലാന്‍ ആയുധങ്ങള്‍ കൊണ്ടുവന്നത് ഷിനോജ് ആണെന്നും ഇരുമ്പുദണ്ഡും വാളും ഉപയോഗിച്ചാണ് ഫസലിനെ കൊന്നതെന്നും സുബീഷ് പറയുന്ന വീഡിയോയാണ് പോലീസ് പുറത്തു വിട്ടിരുന്നത്. ഇതടക്കമുള്ള എല്ലാ സംഭാഷണങ്ങളും ശാസ്ത്രീയമായി പരിശോധിക്കാനാണ് കോടതി ഉത്തരവ്. മാടപ്പീടികയിലെ എന്‍.ഡി.എഫ് - ആര്‍.എസ്.എസ് സംഘര്‍ഷമാണ് ഫസല്‍ വധത്തിന് കാരണമായതെന്ന് കുപ്പി സുബീഷ് പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി കോടതിയില്‍ ഹാജരാക്കിയ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്‍.ഡി.എഫ് പ്രവര്‍ത്തകനും തേജസ് പത്രവിതരണക്കാരനുമായ ഫസല്‍ 2006 ഒക്ടോബര്‍ 22 ന് തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപമുള്ള ജെ.ടി റോഡിലെ ക്വാര്‍ട്ടേഴ്‌സിന് മുന്നിലാണ് കൊല്ലപ്പെട്ടത്. സി.പി.എം അംഗമായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്നതിലുള്ള വിരോധം കാരണം സി.പി.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നായിരുന്നു സി.ബി.ഐ കണ്ടെത്തിയിരുന്നത്. സിപി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്‍, തലശ്ശേരി ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരന്‍ എന്നിവരടക്കം എട്ട് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇതില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും വര്‍ഷങ്ങളായി എറണാകുളത്ത് ജില്ല വിട്ടുപൊകരുതെന്ന സി.ബി.ഐ കോടതി ഉത്തരവിനെ തുടര്‍ന്ന് സ്വന്തം ജില്ലയില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി വാങ്ങിയായിരുന്നു വരാറ്. എന്നാല്‍ 2021 ജൂലൈയില്‍ ഹൈക്കോടതി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടുകയും ഇരുവര്‍ക്കും സ്വന്തം ജില്ലയില്‍ നിബന്ധനകള്‍ പ്രകാരം താമസിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. കേസില്‍ ഗൂഢാലോചനാ കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്.
അതിനിടെ കേസില്‍ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തില്‍ സി.ബി.ഐ അസംതൃപ്തരാണ്. ഫസല്‍ വധക്കേസിലെ കാര്യങ്ങള്‍ അന്വേഷണം നടത്തുന്ന സംസ്ഥാന പോലീസ് സംഘാംഗങ്ങളെ സി.ബി.ഐ വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നുമുണ്ട്. കുപ്പി സുബീഷിന്റെ ശബ്ദരേഖ ഉണ്ടെന്ന് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് സി.ബി.ഐ രേഖപ്പെടുത്തിയത്.