Sorry, you need to enable JavaScript to visit this website.

ഗോരക്ഷാ ഗുണ്ടകൾ കൊലപ്പെടുത്തിയ പെഹ്‌ലു ഖാനെതിരെ പശുക്കടത്ത് കേസ് 

ജയ്പൂർ -ഹിന്ദുത്വ ഗോരക്ഷാ ഗുണ്ടകൾ നടുറോട്ടിലിട്ട് മർദ്ദിച്ച കൊലപ്പെടുത്തിയ ക്ഷീര കർഷകൻ പെഹ്‌ലു ഖാനെതിരെ രാജസ്ഥാൻ പോലീസ് പശുക്കടത്ത് കുറ്റം ചുമത്തി. പെഹ്‌ലു ഖാൻ കൊലക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ആൽവർ പൊലീസ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച രണ്ടാം കുറ്റപത്രത്തിലാണ് കൊല്ലപ്പെട്ട പെഹ്‌ലു ഖാനെയും കൂടെ ഉണ്ടായിരുന്നവരേയും ഗോവധ, പശുക്കടത്ത് നിയമപ്രകാരം വിവിധ വകുപ്പുകൾ ചാർത്തി കുറ്റക്കാരാക്കിയിരിക്കുന്നത്. പെഹ്‌ലു ഖാന്റെ സ്വദേശമായ ഹരിയാനയിലെ ജെയ്‌സിങ്പൂർ സ്വദേശികളായ അസ്മത്ത്, റഫീഖ് എന്നിവർക്കു പുറമെ പിക്കപ്പ് െ്രെഡവറായ അർജുൻ ലാൽ, പിക്കപ്പ് ഉടമ ജഗദീഷ് പ്രസാദ് എന്നിവരാണ് മറ്റു പ്രതികൾ.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും കുറ്റപത്രം പറയുന്നു. പെഹ്‌ലു ഖാനെ കൊലപ്പെടുത്തിയവർക്കെതിരെ ഒരു കേസും മറ്റൊരു കേസ് പെഹ്‌ലു ഖാനും കൂടെ ഉണ്ടായിരുന്നവർക്കെതിരിലുമാണ്. ഖാനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന ഒമ്പതു പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പാൽ കച്ചവടം നടത്തിയിരുന്ന പെഹ്‌ലു ഖാൻ പശുക്കളെ വാങ്ങി സ്വന്തം ഫാമിലേക്കു മടങ്ങുന്നതിനിടെയാണ് ഹിന്ദുത്വ ഗോരക്ഷാ ഗുണ്ടകൾ വഴിതടഞ്ഞ് മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഖാൻ രണ്ടു ദിവസത്തിനു ശേഷം മരിക്കുകയായിരുന്നു.
 

Latest News