ന്യൂദല്‍ഹി- നീറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷയുടെ പാറ്റേണില്‍ അവാസനനിമിഷം വരുത്തിയ മാറ്റങ്ങളുടെ പേരില്‍ സുപ്രീം കോടതിയുടെ വിമര്‍ശം. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് (എന്‍.ബി.ഇ) നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) എന്നിവ സ്വീകരിച്ച നടപടിയെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തത്. അധികാരക്കളിയില്‍ ഈ യുവ ഡോക്ടര്‍മാരെ ഫുട്‌ബോളുകളാക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. മാറ്റങ്ങളെ കുറിച്ച ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്താന്‍ കോടതി നിര്‍ദേശിച്ചു.
അവസാന നിമിഷം വരുത്തി മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്‍.എം.സിയുടേയും എന്‍.ബി.എയുടേയും യോഗം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടര്‍മാര്‍ ഹരജി നല്‍കിയതിനെ തുടര്‍ന്ന് സുപ്രീം കോടതി കഴിഞ്ഞയാഴ്ച കേന്ദ്രത്തിനും ദേശീയ മെഡിക്കല്‍ കൗണ്‍സിലിനും (എന്‍.എം.സി) നോട്ടീസയച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 41 ഡോക്ടര്‍മാര്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ബി.വി. നാഗാര്‍ത്തന എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.