ന്യൂദല്‍ഹി- സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന ഭാരത് ബന്ദില്‍ ദേശീയ പാതകളും സംസ്ഥാന പാതകളും റെയില്‍ പാതകളും സമരക്കാര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് ദല്‍ഹി അതിര്‍ത്തിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെട്ടു. കിലോമീറ്ററുകളോളം വാഹനങ്ങള്‍ റോഡില്‍ കെട്ടിക്കിടന്നു. പഞ്ചാബിലും ഹരിയാനയിലും റോഡ്, റെയില്‍ ഉപരോധം ശക്തമായിരുന്നു. നിരവധി ട്രെയ്‌നുകള്‍ സര്‍വീസ് റദ്ദാക്കി. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലും റോഡ് ഉപരോധം ശക്തമാണ്. ഹരിയാനയില്‍ നിന്നും പടിഞ്ഞാറന്‍ യുപിയില്‍ നിന്നുമുള്ള സമരക്കാരെ ദല്‍ഹി അതിര്‍ത്തിയില്‍ തടഞ്ഞു വച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഇവിടെ കര്‍ഷക സമരക്കാര്‍ പ്രക്ഷോഭവുമായി നിലകൊള്ളുന്നുണ്ട്. ഇവിടെ നിന്ന് ആരേയും ദല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല.
കര്‍ഷകര്‍ 10 വര്‍ഷം വരെ സമരം ചെയ്യാന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞിരുന്നു. മിനിമം താങ്ങുവില സംവിധാനം ഘട്ടം ഘട്ടമായി ഇല്ലാതാക്കി വന്‍കിട കമ്പനികള്‍ക്ക് വിലനിയന്ത്രണാധികാരം നല്‍കുന്ന പുതിയ മൂന്ന് കരിനിയമങ്ങളും പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികളും ട്രേഡ് യൂനിയനുകളും ഭാരത് ബന്ദിനെ പിന്തുണച്ചു.