കോപ്പിയടിക്കാന്‍ 'ബ്ലുടൂത്ത് ചെരിപ്പുകളും', രാജസ്ഥാനില്‍ അധ്യാപക യോഗ്യതാ പരീക്ഷയ്‌ക്കെത്തിയ 5 പേര്‍ അറസ്റ്റില്‍

ജയ്പൂര്‍- 12 മണിക്കൂര്‍ സമയത്തേക്ക് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചും എസ്എംഎസ് വിലക്കിയും കര്‍ശന നിയന്ത്രണങ്ങളോടെ നടത്തിയ രാജസ്ഥാനിലെ അധ്യാപക യോഗ്യതാ പരീക്ഷയില്‍ ബ്ലുടൂത്ത് ചെരിപ്പ് ധരിച്ച് കോപ്പിയടിക്കാന്‍ ശ്രമിച്ച അഞ്ച് ഉദ്യോഗാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയായ രാജസ്ഥാന്‍ എലിജിബിലിറ്റി എക്‌സാമിനേഷന്‍ ഫോര്‍ ടീച്ചേഴ്‌സ് (റീറ്റ്) പരീക്ഷയ്ക്കിടെയാണ് സംഭവം. ഉദ്യോഗാര്‍ത്ഥിയുടെ ചെരിപ്പിന്റെ സോളിനുള്ളില്‍ ബ്ലൂടൂത്ത് സംവിധാനം രഹസ്യമായി ഘടിപ്പിച്ച നിലയില്‍ അജ്‌മേറിലാണ് ആദ്യം കണ്ടെത്തിയത്. സമാന ചെരിപ്പുകള്‍ ബികാനിര്‍, സികാര്‍ ജില്ലകളിലും കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. ഒരു ഫോണിലെ മുഴുവന്‍ സംവിധാനങ്ങളും ഒളിപ്പിച്ച നിലയിലാണ് ഈ ചെരിപ്പുകള്‍. വേഗത്തില്‍ ശ്രദ്ധയില്‍പ്പെടാത്ത രൂപത്തിലുള്ള ഒരു ഇയര്‍ഫോണ്‍ ചെവിയില്‍ വച്ചാണ് ഈ ബ്ലൂടൂത്ത് സംവിധാനം ഉപയോഗിച്ച് കോപ്പിയടിക്കാന്‍ ശ്രമിച്ചതെന്നും പുറത്തു നിന്നൊരാള്‍ കോപ്പയടിക്കാന്‍ സഹായം ചെയ്തുവെന്നും പോലീസ് പറഞ്ഞു.

കോപ്പിയടി റാക്കറ്റിന്റെ പുതിയ കണ്ടു പിടിത്തമാണിത്. ഈ റാക്കറ്റ് എത്രത്തോളം വലുതാണെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഏറെ ശ്രദ്ധയോടെ നിര്‍മ്മിച്ച ഈ ബ്ലൂടൂത്ത് ചെരിപ്പുകള്‍ രണ്ടു ലക്ഷം രൂപ വരെ വിലയ്ക്കാണ് വില്‍പ്പന നടത്തുന്നതെന്നും ഇതൊരു ചെറുകിട റാക്കറ്റാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു. 

അജ്‌മേറിലെ ഒരു കേന്ദ്രത്തില്‍ പരീക്ഷ തുടങ്ങിയ ഉടന്‍ തന്നെ ബ്ലൂടൂത്ത് ചെരിപ്പ് കോപ്പിയടി ശ്രമം പിടികൂടി. ഇതോടെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും വിവരം കൈമാറുകയും ചെയ്തു. അടുത്ത ഘട്ട പരീക്ഷയില്‍ ഹാളില്‍ ചെരിപ്പും ഷൂസും സോക്‌സും ധരിച്ച് ആരേയും പ്രവേശിപ്പിച്ചില്ലെന്നും പോലീസ് പറഞ്ഞു. കടുത്ത മത്സരം നടക്കുന്ന പരീക്ഷയില്‍ രാജസ്ഥാനിലെ 33 ജില്ലകളിലായി 16 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

Latest News