Sorry, you need to enable JavaScript to visit this website.

ജര്‍മനി ഇടതുപക്ഷത്തേക്ക്; സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് നേരിയ ജയം

ബെര്‍ലിന്‍- ജര്‍മനിയില്‍ ഞായറാഴ്ച നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ സിഡിയു/സിഎസ്‌യു കണ്‍സര്‍വേറ്റീസ് സഖ്യത്തിനു തോല്‍വി. നേരിയ വിജയം നേടി ഇടതുപക്ഷ കക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (എസ്പിഡി) അധികാരത്തിലേക്ക്. സോഷ്യല്‍ ഡെമോക്രാറ്റുകള്‍ 26 ശതമാനം വോട്ടു നേടിയപ്പോള്‍ ഭരണകക്ഷി 24.5 ശതമാനം വോട്ട് നേടിയതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ലീഡ് ഉണ്ടെന്നാണ് ഇരു സഖ്യങ്ങളും കരുതുന്നത്. മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് സഖ്യത്തിനും സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയോ നാലു വര്‍ഷമായി തുടരുന്ന മഹാ സഖ്യം തകരുകയോ ചെയ്താല്‍ ഏതെങ്കിലുമൊരു കക്ഷിയുടെ നേതൃത്വത്തില്‍ പുതിയൊരു സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്താനും സാധ്യതയുണ്ട്. സോഷ്യല്‍ ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തിയേക്കുമെന്നാണ് സൂചന. പുതിയ സഖ്യം രൂപീകരിക്കാന്‍ മാസങ്ങള്‍ എടുത്തേക്കും. ചെറു പാര്‍ട്ടികളായ ഗ്രീന്‍സ്, ലിബറലുകളായ ഫ്രീ ഡെമോക്രാറ്റ്‌സ് (എഫ്ഡിപി) എന്നിവരേയും ഉള്‍പ്പെടുത്തിയാകും ഈ പുതിയ സഖ്യം. കൂട്ടുകക്ഷി ഭരണത്തിനാണ് സാധ്യത. പ്രധാന മൂന്നാം കക്ഷിയായ ഗ്രീന്‍സ് പാര്‍ട്ടിയുടെ നിലപാടും നിര്‍ണായകമാകും. 

63കാരനായ ഒലഫ് സ്‌കോള്‍സ് ആണ് ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ചാന്‍സലര്‍ സ്ഥാനാര്‍ത്ഥി. എല്ലാ സര്‍വേകളിലും തങ്ങള്‍ മുന്നിലാണെന്ന് അദ്ദേഹം വോട്ടു ചെയ്ത ശേഷം പറഞ്ഞിരുന്നു. അതേസമയം അണികള്‍ തോല്‍വി സമ്മതിച്ച് പിന്‍വാങ്ങിത്തുടങ്ങിയെങ്കിലും ഭരണസഖ്യമായ കണ്‍സര്‍വേറ്റീവുകളുടെ ചാന്‍സലര്‍ സ്ഥാനാര്‍ത്ഥി അര്‍മിന്‍ ലാഷെത് പരാജയം സമ്മതിച്ചിട്ടില്ല. ഡിസംബറിന് മുമ്പ് പുതിയ സഖ്യം രൂപീകരിക്കുമെന്നാണ് ഇരു ചാന്‍സലര്‍ സ്ഥാനാര്‍ത്ഥികളും പറഞ്ഞിരിക്കുന്നത്.

പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതു വരെ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ കാവല്‍ ചാന്‍സലറായി തുടരും. നാലു തവണകളായി 16 വര്‍ഷം ജര്‍മനിയുടെ ചാന്‍സലറായ മെര്‍ക്കല്‍ ഈ തെരഞ്ഞെടുപ്പിന് ശേഷം പദവിയില്‍ നിന്ന് പടിയിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മികച്ച ജയസാധ്യതയുണ്ടായിരുന്നെങ്കിലും ഇത്തവണ മത്സരിക്കാന്‍ മെര്‍ക്കല്‍ തയാറായിരുന്നില്ല. ജര്‍മനിയില്‍ ചാന്‍സലര്‍ പദവിയിലെത്തുന്ന ആദ്യ വനിതയാണ് മെര്‍ക്കല്‍. 2005ലാണ് അധികാരത്തിലെത്തിയത്. 

Latest News