കോയമ്പത്തൂര്‍- ലൈംഗികമായി പീഡിപ്പിച്ചുവെന്ന വനിതാ ഓഫീസറുടെ പരാതിയില്‍ ഇന്ത്യന്‍ വ്യോമ സേനയില്‍ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ആയ 26കാരനെ കോയമ്പത്തൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പ് പരാതിപ്പെട്ടെങ്കിലും വ്യോമ സേന അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കാത്തിനെ തുടര്‍ന്ന് താന്‍ പോലീസില്‍ പരാതി നല്‍കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്ന് 27കാരിയായ വനിതാ ഓഫീസര്‍ പറഞ്ഞു. കോയമ്പത്തൂര്‍ റെഡ്ഫീല്‍ഡ്‌സിലെ എയര്‍ ഫോഴ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് കോളെജിലെ തന്റെ മുറിക്കുള്ളില്‍ വച്ചാണ് ഉദ്യോഗസ്ഥന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഇവിടെ പരിശീലനത്തിന് എത്തിയതായിരുന്നു വനിതാ ഓഫീസര്‍.
കായിക പ്രാക്ടീസ് നടത്തുന്നതിനിടെ പരിക്കേറ്റ താന്‍ മരുന്ന് കഴിച്ച് മുറിയില്‍ കിടന്നുറങ്ങിയിരുന്നു. ഉണര്‍ന്നപ്പോഴാണ് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതെന്നും പരാതിയില്‍ യുവതി പറയുന്നു. പരാതി വ്യോമ സേന കൈകാര്യം ചെയ്ത രീതിയില്‍ യുവതി അതൃപ്തി അറിയിച്ചത് കൊണ്ടാണ് പരാതി സ്വീകരിച്ച് നടപടി എടുത്തതെന്ന് ഗാന്ധിപുരം പോലീസ് അറിയിച്ചു. അറസ്റ്റിലായ വ്യോമ സേനാ ഉദ്യോഗസ്ഥന്‍ ഛത്തീസ്ഗഢ് സ്വദേശിയാണ്. ഇദ്ദേഹത്തെ റിമാന്‍ഡ് ചെയ്തു. ഈ കേസ് കൈകാര്യം ചെയ്യാന്‍ പോലീസിന് അധികാരമില്ലെന്നും സൈനിക കോടതിക്കു മാത്രമെ ഇതു പരിഗണിക്കാന്‍ കഴിയൂവെന്നും പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു.