ന്യൂദല്‍ഹി- ബഹുരാഷ്ട്ര ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസിനെ രാജ്യദ്രോഹ കമ്പനിയെന്ന് വിശേഷിപ്പിച്ച വിവാദമുണ്ടാക്കിയ ആര്‍എസ്എസ് ബന്ധമുള്ള സംഘപരിവാര്‍ വാരികയായ പാഞ്ചജന്യ ഇത്തവണ ആമസോണിനെതിരെ രംഗത്ത്. സര്‍ക്കാര്‍ നയങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ കോടിക്കണക്കിന് രൂപ കോഴ നല്‍കിയെന്നും ആമസോണ്‍ രണ്ടാം ഈസ്റ്റ് ഇന്ത്യാ കമ്പനിയാണെന്നുമാണ് പാഞ്ചജന്യയുടെ ആരോപണം. ആമസോണിനെതിരെ കവര്‍ സ്റ്റോറിയുമായാണ് വാരികയുടെ പുതിയ ലക്കം വരുന്നത്.
ഇന്ത്യ പിടിച്ചടക്കാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റ് കമ്പനി ചെയ്തതെല്ലാം ആമസോണിന്റെ പ്രവര്‍ത്തനത്തിലും കാണാമെന്ന് വാരിക ആരോപിക്കുന്നു. ഇന്ത്യന്‍ വിപണി കുത്തകവല്‍ക്കരിക്കാനാണ് ആമസോണിന്റെ ശ്രമം. ഇതിനായി ഇന്ത്യന്‍ പൗരന്മാരുടെ സാമ്പത്തിക, രാഷ്ട്രീയ, വ്യക്തി സ്വാതന്ത്ര്യങ്ങള്‍ ഹനിക്കാനുള്ള നീക്കങ്ങളാണ് നടത്തിവരുമെന്നതെന്നും വാരിക ആരോപിക്കുന്നു. ആമസോണിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം വിഡിയോക്കെതിരെയും പാഞ്ചജന്യ ആഞ്ഞടിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിക്കാത്ത സിനിമകളും സീരിയലുകളുമാണ് പ്രൈം വിഡിയോ റിലീസ് ചെയ്യുന്നതെന്നും ലേഖനത്തില്‍ പറയുന്നു.