അഹമ്മദാബാദ്- സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെ ഗുജറാത്ത് പര്യടനം അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി ബജ്‌റംഗ്ദള്‍. ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ പരിപാടി അവതരിപ്പിക്കുമെന്നാണ് മുനവ്വര്‍ ഫാറൂഖി അറിയിച്ചിരുന്നത്. പരിപാടിയില്‍നിന്ന് പിന്മാറാന്‍ സംഘാടകര്‍ക്കും ബജ്‌റംഗ്ദള്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ജനുവരി ഒന്നിന് മുനവ്വര്‍ ഫാറൂഖിയേയും മറ്റു നാലുപേരേയും മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്‍ഡോറിലെ ഒരു കഫേയില്‍ പരിപാടി അവതരിപ്പിക്കുന്നതിന് തൊട്ടുമമ്പായിരുന്നു അറസ്റ്റ്. ഒരു മാസം ജയിലില്‍ കിടന്ന ഫാറൂഖിക്ക് സുപ്രീം കോടതിയാണ് പിന്നീട് ഇടക്കാല ജാമ്യം അനുവദിച്ചത്.
ഒക്ടോബര്‍ ഒന്നിന് സൂറത്തിലും രണ്ടിന് അഹമ്മദാബാദിലും മൂന്നിന് വഡോദരയിലും പരിപാടി അവതരിപ്പിക്കുമെന്നാണ് സെപ്റ്റംബര്‍ 12-ന് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മുനവ്വര്‍ ഫാറൂഖി അറിയിച്ചിരുന്നത്.
ഹിന്ദുദേവന്മാര്‍ക്കും ദേവിമാര്‍ക്കുമെതിരെ മോശം പരാമര്‍ശം നടത്തിയ മുനവ്വര്‍ ഫാറൂഖിയെ ഗുജറാത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നോര്‍ത്ത് ഗുജറാത്ത് ബജ്‌റംഗ്ദള്‍ പ്രസിഡന്റ് ജ്വലിത് മേത്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.