ന്യൂദൽഹി- അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിൽനിന്ന് കാനഡയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്നാണ് അഞ്ച് മാസം മുമ്പ് കാനഡയിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ നിർത്തിവെച്ചിരുന്നത്. എയർഇന്ത്യക്ക് ടൊറണ്ടോയിലേക്കും വാൻകൂവറിലേക്കും നോൺസ്‌റ്റോപ്പ് വിമാന സർവീസുണ്ട്. എയർ കാനഡയും ഇതേ റൂട്ടുകളിൽ നോൺസ്‌റ്റോപ്പ് സർവീസ് നടത്തുന്നു.
വിമാനം പുറപ്പെടുന്നതിന് 18 മണിക്കൂർ മുമ്പ് ദൽഹി എയർപോർട്ടിലെ ലബോറട്ടറിയിൽനിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കണമെന്ന് കാനഡ സർക്കാർ നിബന്ധന പ്രഖ്യാപിച്ചിട്ടുണ്ട്. ക്യുആർ കോഡ് സഹിതമുള്ള റിപ്പോർട്ട് ബോർഡിംഗ് സമയത്ത് കാണിക്കണം.