ശ്രീഗനര്‍- ജമ്മു കശ്മീരില്‍ കഴിഞ്ഞ വര്‍ഷം ബിജെപി നേതാവ് ശെയ്ഖ് വസീം ബാരിയേയും പിതാവിനേയും സഹോദരനേയും വെടിവെച്ചു കൊന്ന കേസിലെ പ്രതിയെ കശ്മീര്‍ പോലീസ് ഞായറാഴ്ച ഏറ്റുമുട്ടലില്‍ വെടിവെച്ചു കൊന്നു. വടക്കന്‍ കശ്മീരിലെ ബന്ദിപോറ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മറ്റു മിലിറ്റന്റും കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. അതീവ സുരക്ഷാ മേഖലയില്‍ വച്ചാണ് കഴിഞ്ഞ വര്‍ഷം ബിജെപി സംസ്ഥാന സമിതി അംഗമായ വസീം ബാരിയേയും പിതാവ് ശെയ്ഖ് ബഷീറിനേയും സഹോദരന്‍ ശെയ്ഖ് ഉമറിനേയും അജ്ഞാതര്‍ കൊലപ്പെടുത്തിയത്. അതീവ സുരക്ഷാ മേഖലയില്‍ നടന്ന ഈ കൊലപാതകം അധികൃതരെ ഞെട്ടിച്ചിരുന്നു. നാലു വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിച്ചു വന്ന വസീം ബാരി പാര്‍ട്ടിയുടെ മുന്‍ ബന്ദിപോറ ജില്ലാ അധ്യക്ഷനായിരുന്നു.