ലഖ്‌നൗ-ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. എന്നാല്‍ തനിക്കു ഭര്‍ത്താവിനൊപ്പം തന്നെ ജീവിക്കണമെന്ന നിലപാടിലാണു ഭാര്യ. വിവാഹബന്ധം നിലനിര്‍ത്താന്‍ സഹായം തേടി ഭാര്യ വനിതാ സംരക്ഷണ സെല്ലിനെ സമീപിച്ചതോടെയാണു പ്രശ്നം പുറത്തറിയുന്നത്. ഭര്‍ത്താവ് മുത്തലാഖ് നല്‍കിയെന്നു യുവതി എഴുതി നല്‍കിയ പരാതിയില്‍ പറയുന്നു.
ക്വാര്‍സി ഗ്രാമത്തില്‍നിന്നുള്ള യുവതിയും ചാന്ദൗസ് ഗ്രാമത്തില്‍നിന്നുള്ള യുവാവുമാണ് പരാതിയുമായി വനിതാ സെല്ലിനെ സമീപിച്ചത്. യുവതിയുടെ പരാതിയില്‍ വനിതാ സെല്‍ ഭര്‍ത്താവിനെ വിളിച്ചുവരുത്തി. ഭാര്യ സ്ഥിരം കുളിക്കുന്നില്ല എന്ന പരാതി മാത്രമാണ് ഇയാള്‍ ഉന്നയിച്ചത്. ഇതിന്റെ പേരില്‍ സ്ഥിരം വഴക്കാണെന്നും ഇനി ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും വിവാഹമോചനം ലഭിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്ത് തരണമെന്നും ഇയാള്‍ അഭ്യര്‍ഥിച്ചു. അധികൃതര്‍ ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കുകയാണ്. രണ്ടു വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു വയസ്സുള്ള കുഞ്ഞുണ്ട്.