ഗാസിയാബാദ്- അഞ്ച് കോടി രൂപയോളം മൂല്യം വരുന്ന കുടുംബ സ്വത്ത് തട്ടിയെടുക്കാന്‍ 45കാരന്‍ 20 വര്‍ഷത്തിനിടെ സഹോദരന്മാരും അവരുടെ മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തി. കഴിഞ്ഞ മാസം സഹോദരന്റെ മകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായതോടെയാണ് പ്രതി ലീലു നടത്തിയ കൊലപാതകങ്ങള്‍ വെളിച്ചത്തായത്. ഒരാഴ്ചയായി മകന്‍ രേഷുവിനെ കാണാനില്ലെന്ന പരാതിയുമായി ബ്രിജേഷ് ത്യാഗി ഓഗസ്റ്റ് 15ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് രേഷുവിനെ ഒരു ബന്ധു തട്ടിക്കൊണ്ടുപോയതായി കണ്ടെത്തിയത്. സാഹചര്യ തെളിവുകളും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണവുമാണ് പ്രതി ലീലുവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ബ്രിജേഷിന്റെ ഇളയ സഹോദരനാണ് ലീലു. സഹായികളായ രാഹുല്‍, സുരേന്ദ്ര എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിനിടെയാണ് കുടുംബ സ്വത്തിന് വേണ്ടി താന്‍ നടത്തിയ കൊലപാതക പരമ്പര ലീലു പോലീസിനോട് വെളിപ്പെടുത്തിയത്. മൂത്ത സഹോദരന്‍ സുധിര്‍ ത്യാഗിയെ 2001ല്‍ കൊലപ്പെടുത്തി. ഏതാനും മാസങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ എട്ടു വയസ്സുകാരി മകള്‍ പായലിനെ വിഷം നല്‍കി കൊന്നു. മൂന്ന് വര്‍ഷത്തിനു ശേഷം മറ്റൊരു മകള്‍ 16കാരി പാരുലിനെ ഹിന്‍ഡന്‍ നദിയിലെറിഞ്ഞ് കൊന്നു. എട്ടു വര്‍ഷം മുമ്പ് മൂത്ത സഹോദരന്‍ ബ്രിജേഷിന്റെ മകന്‍ നിഷുവിനെ കൊന്ന് ഹിന്‍ഡന്‍ നദിയിലെറിഞ്ഞതായും ലീലു പോലീസിനോട് കുറ്റം സമ്മതിച്ചു.
എല്ലാവരേയും കൊലപ്പെടുത്തിയത് താന്‍ ആഗ്രഹിച്ച കുടുംബ സ്വത്തിന് അവകാശികളെ ഇല്ലാതാക്കാനാണെന്നും പ്രതി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. അവസാനം കൊലപ്പെടുത്തിയ റേഷുവിന്റെ മൃതദേഹത്തിനായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.