Sorry, you need to enable JavaScript to visit this website.

ആറു വർഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി; കടത്തിയത്  ഭർത്താവിന്റെ സുഹൃത്ത്

ആലപ്പുഴ- കായംകുളം കനകക്കുന്ന് സ്‌റ്റേഷൻ പരിധിയിൽ നിന്ന് 2015 ൽ കാണാതായ യുവതിയെ മൈസൂരിൽ കണ്ടെത്തി. മൈസൂരിൽ ഭർത്താവിന്റെ സുഹൃത്തിന്റെ കൂടെ രഹസ്യമായി താമസിക്കുകയായിരുന്നു. 2015 ജൂണിൽ ഭർത്താവിന്റെ സുഹൃത്തും വർഷങ്ങളായി മൈസൂർ ചന്നപട്ടണയിൽ കന്നഡ സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചിരുന്നയാളുമായ എക്‌സ് സർവീസുകാരനോടൊപ്പമാണ് യുവതി പോയത്. 59 കാരനായ ഇയാൾ സെക്യൂരിറ്റിയായി പല സ്ഥലങ്ങളിൽ ജോലി ചെയ്ത് വരികയായിരുന്നു. പോകുന്ന സമയം യുവതിക്ക് 19 ഉം 17 ഉം വയസ്സുള്ള 2 പെൺകുട്ടികളുണ്ടായിരുന്നു. 2015 ൽ കനകക്കുന്ന് പോലീസ് ഈ സ്ഥലത്ത് പോയി അന്വേഷണങ്ങൾ നടത്തിയിരുന്നു. രാമനഗറിൽ വീട്ടിൽ ഇയാൾ വാടകയ്ക്ക് കഴിയുകയായിരുന്നു. കന്നഡയറിയാത്ത സ്ത്രീ വീട്ടിൽ ഒറ്റയ്ക്കായതിനാൽ ഇയാൾ സെക്യൂരിറ്റി ജോലി ഉപേക്ഷിച്ച് കൺസ്ട്രക്ഷൻ മേഖലയിൽ ഹെൽപർ ആയി ജോലി ചെയ്ത് വരികയായിരുന്നു. സ്ത്രീകളുടേയും പെൺകുട്ടികളുടേയും മിസ്സിംഗ് കേസുകളുടെ സംസ്ഥാന നോഡൽ ഓഫീസറായ ജില്ലാ പോലീസ് മേധാവി ജയ്‌ദേവ് ജി. ഐ.പി.എസിന്റെ നിർദേശ പ്രകാരം ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.വി. ബെന്നി ഈ കേസ് ഫയൽ വിശദമായ പരിശോധന നടത്തുകയും യുവതിയുടെ ഇപ്പോഴുപയോഗിക്കുന്ന കന്നഡ നമ്പർ കണ്ടെത്തുകയുമായിരുന്നു. അതോടെയാണ് കേസിന് വഴിത്തിരിവായത്. ഡി.എം.പി.ടി.യു  ജില്ലാ ടീമംഗങ്ങളായ എ.എസ്.ഐ വിനോദ്.പി, സുധീർ.എ., സീനിയർ സി.പി.ഒമാരായ ബീന ടി.എസ്, സാബു എന്നിവരാണ് രാമനഗറിൽ നിന്നും സ്ത്രീയെ കണ്ടെത്തിയത്. ഇവരെ നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
 

Latest News