കൊണ്ടോട്ടി- കോളിളക്കം സൃഷ്ടിച്ച കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതികൾ ജയിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതായി റിപ്പോർട്ട്. കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇയാളിൽ നിന്നാണ്, പ്രതികൾക്ക് ജയിലിൽ പ്രത്യേക സൗകര്യം ചെയ്തു കൊടുക്കാൻ ജയിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതിന്റെ വിവരങ്ങൾ ലഭിച്ചത്. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കൊടുവള്ളി സ്വദേശികൾക്ക് ബംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച പ്രധാന പ്രതിയാണ് അറസ്റ്റിലായത്. കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷീർ (ചിന്നൻ ബഷീർ-47) നെയാണ് ബംഗളൂരുവിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബംഗളൂരു കേന്ദ്രീകരിച്ച് കൊടുവള്ളിയിലേക്ക് കുഴൽപണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ബഷീർ. ബംഗളൂരുവിലെ സേട്ടുമാരിൽ നിന്നും പണം വാങ്ങി കൊടുവള്ളിയിൽ സുരക്ഷിതമായി എത്തിക്കാൻ ഒരു സംഘം തന്നെ ബഷീറിന് കീഴിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരു ലക്ഷം രൂപയ്ക്ക് 100 രൂപയാണ് ഇയാളുടെ കമ്മീഷൻ. കോടിക്കണക്കിന് രൂപയാണ് ഒരു വാഹനത്തിൽ തന്നെ ഇവർ കടത്തുന്നത്. പോലീസ് പിടികൂടുന്ന ആളുകളെ ജാമ്യത്തിൽ ഇറക്കാനും ഇയാളുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ജയിലിൽ പ്രത്യേക സൗകര്യം ചെയ്തു കൊടുക്കാൻ ജയിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതിന്റെ വിവരങ്ങൾ ലഭിച്ചത്. കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടും കൊടുവള്ളി സ്റ്റേഷനിൽ കേസുണ്ട്. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങും. കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം ഇതോടെ 46 ആയി.