ന്യൂദൽഹി- കോൺഗ്രസ് പ്രവേശം സ്ഥിരീകരിച്ച് ഗുജറാത്ത് എം.എൽ.എയും ദളിത് അധികാർ മഞ്ച് നേതാവുമായ ജിഗ്‌നേഷ് മേവാനി. ഭഗത് സിംഗിന്റെ ജന്മദിനമായ സെപ്റ്റംബർ 28 ന് ന്യൂദൽഹിയിൽ അംഗത്വം സ്വീകരിക്കുമെന്നും തനിക്കൊപ്പം സി.പി.ഐ നേതാവ് കനയ്യ കുമാറുമുണ്ടാകുമെന്നും മേവാനി വ്യക്തമാക്കി. കനയ്യകുമാറും രാഹുൽ ഗാന്ധിയും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന പ്രചാരണം സി.പി.ഐ നിഷേധിച്ചിരുന്നു. കനയ്യയുടെ കോൺഗ്രസ് പ്രവേശത്തെ കുറിച്ചുള്ള വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണെന്നായിരുന്നു സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയുടെ പ്രതികരണം.