ന്യൂയോര്‍ക്ക്- അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കു വേണ്ടി അവിടെ ഇപ്പോള്‍ അധികാരത്തിലുള്ള താലിബാന്‍ സര്‍ക്കാരിന് കരുത്ത് പകരുകയും സ്ഥിരതയെ പിന്തുണയ്ക്കുകയും ചെയ്യണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ആവശ്യപ്പെട്ടു. 'ഒരേ ഒരു മാര്‍ഗമെയുള്ളൂ. അഫ്ഗാനില്‍ നിലവിലുള്ള സര്‍ക്കാരിന് നാം കരുത്ത് പകരുകയും സ്ഥിരപ്പെടുത്തുകയും വേണം'- ഇംറാന്‍ ഖാന്‍ ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ സംബന്ധിച്ചിടത്തോളം രാജ്യാന്തര സമൂഹത്തിന് രണ്ടു വഴികളെ മുന്നിലുള്ളു. ലോകത്തിന് വേണമെങ്കില്‍ അഫ്ഗാനെ അവഗണിക്കാം, അല്ലെങ്കില്‍ നിലവിലുള്ള സര്‍ക്കാരിനെ സ്ഥിരപ്പെടുത്താം- അദ്ദേഹം പറഞ്ഞു.
നാം ഇപ്പോള്‍ അവഗണിക്കുകയാണെങ്കില്‍ യുഎന്‍ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ തന്നെ പകുതിയോളം ദരിദ്രരായ അഫ്ഗാന്‍ ജനത അടുത്ത വര്‍ഷത്തോടെ ഏതാണ്ട് 90 ശതമാനവും ദരിദ്രരേഖയ്ക്ക് താഴെയാകും. മുന്നിലുള്ളത് വലിയൊരു മാനവിക പ്രതിസന്ധിയാണ്. ഇതിന്റെ അനന്തരഫലങ്ങള്‍ അഫ്ഗാന്റെ അയല്‍രാജ്യങ്ങളില്‍ മാത്രമല്ല, എല്ലായിടത്തും ഉണ്ടാകും-ഇംറാന്‍ ഖാന്‍ പറഞ്ഞു.