ന്യൂദല്‍ഹി- സുപ്രീം കോടതിയില്‍ നിന്ന് അയക്കുന്ന ഇ-മെയിലുകളില്‍ സിഗ്നേചറായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഉള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടത് വിവാദമായി. ഇത് ചോദ്യം ചെയ്യപ്പെട്ടതോടെ ഉടന്‍ നീക്കം ചെയ്യുകയും ചെയ്തു. സുപ്രീം കോടതി രജിസ്ട്രി അയക്കുന്ന മെയിലുകളില്‍ മോഡിയുടെ ചിത്ര സഹിതമുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത് അഭിഭാഷകരാണ് ചോദ്യം ചെയ്തത്. ഇത് കോടതിയും സര്‍ക്കാരും തമ്മിലുള്ള വേര്‍ത്തിരിവ് ഇല്ലാതാക്കുന്ന നടപടിയാണെന്നും നിരവധി അഭിഭാഷകര്‍ ആശങ്ക പ്രകടിപ്പിച്ചു.
ഇതോടെ വെള്ളിയാഴ്ച വൈകി സുപ്രീം കോടതി രജിസ്ട്രി വിശദീകരണവുമായി രംഗത്തെത്തി. നാഷനല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) ആണ് സുപ്രീം കോടതിക്ക് ഇ-മെയില്‍ സേവനം നല്‍കുന്നതെന്നും ഈ മെയിലുകളില്‍ സിഗ്നേചറായി നല്‍കിയിരിക്കുന്ന ചിത്രം നീക്കം ചെയ്യണമെന്ന് എന്‍ഐസിയോട് ആവശ്യപ്പെട്ടതായും രജിസ്ട്രി അറിയിച്ചു. ഈ നിര്‍ദേശ പ്രകാരം വിവാദ ചിത്രം നീക്കം ചെയ്തതായും സുപ്രീം കോടതി അറിയിച്ചു. പകരം സുപ്രീം കോടതിയുടെ ചിത്രം നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി അഭിഭാഷകരുടെ വാട്‌സാപ് ഗ്രൂപ്പില്‍ വിഷയം വലിയ ചര്‍ച്ചയായതോടെയാണ് നടപടി.